വയനാട്: ഗര്‍ഭിണിയായ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവ് ഓംപ്രകാശും ഭര്‍ത്തൃപിതാവ് ഋഷഭരാജനും മകളെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മരിച്ച ദര്‍ശനയുടെ മാതാപിതാക്കള്‍ പറഞ്ഞു. മൂന്നാമതും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും ഇവര്‍ ആരോപിച്ചു.
കഴിഞ്ഞ 13-നാണ് മകള്‍ ദക്ഷയേയും കൊണ്ട് ദര്‍ശന പുഴയില്‍ ചാടുന്നത്. വിഷം കഴിച്ചതിന് ശേഷമാണ് പുഴയില്‍ ചാടിയത്. നാട്ടുകാര്‍ കണ്ടതോടെ ദര്‍ശനയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതെന്ന് അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മകള്‍ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു. ചികിത്സയിലിരിക്കെ ദര്‍ശന മരിക്കുകയായിരുന്നു. നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.
2016 ഒക്ടോബറിലായിരുന്നു ദര്‍ശനയും ഓംപ്രകാശും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞതു മുതല്‍ നിരന്തരമായി ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ദര്‍ശന ഇരയായിരുന്നു. മുമ്പ് രണ്ടുതവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. മരിക്കുമ്പോള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. ദര്‍ശനയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.