മുംബൈ: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ കേസില്‍ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോലാപുര്‍ സ്വദേശിയായ 64 വയസുകാരനെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലാണ് മോണിക്ക ഭഗവാന്, ലുബ്ന വസീര്‍, അനില്‍ ചൗധരി, മനീഷ് സോദി എന്നിവര്‍ക്കെതിരേ പോലീസ് കുറ്റപത്രം നല്‍കിയത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികളായ അനില്‍ ചൗധരിയും ലുബ്നയും 2017-ലാണ് വ്യവസായിയുമായി സൗഹൃദത്തിലാകുന്നത്. ഇദ്ദേഹത്തിന്റെ ആസ്തികളെക്കുറിച്ചെല്ലാം വിശദമായി മനസിലാക്കിയ സംഘം വ്യവസായിയെ പിന്നീട് തന്ത്രപരമായി ഹണിട്രാപ്പില്‍ കുരുക്കുകയായിരുന്നു.
2019-ല്‍ വ്യവസായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടെ ലുബ്നയും മോണിക്കയും ഇവിടേക്കെത്തി. തുടര്‍ന്ന് വ്യവസായി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പരാതി ഉന്നയിക്കുകയായിരുന്നു. വ്യവസായിയുമായി മനഃപൂര്‍വം വഴക്കുണ്ടാക്കിയ മോണിക്കയാണ് ശരീരത്തില്‍ കോഴിയുടെ ചോര പുരട്ടി പരിക്കേറ്റെന്ന് അഭിനയിച്ചത്. തന്നെയും സുഹൃത്തായ സപ്നയെയും ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നായിരുന്നു മോണിക്കയുടെ ഭീഷണി. വഴക്കിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് 3.25 കോടി രൂപയാണ് നാലംഗസംഘം വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. പിന്നീട് നേരത്തെ പകര്‍ത്തിയ വീഡിയോ കാണിച്ച് രണ്ടുകോടി രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് 2021-ല്‍ വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മുഖ്യപ്രതിയായ മോണിക്ക കഴിഞ്ഞവര്‍ഷം ജൂണിലാണ് കേസില്‍ അറസ്റ്റിലായത്.