ബംഗളുരു: ഇന്ന് ആരംഭിക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷി സമ്മേളനത്തില്‍ എന്‍സിപി സ്ഥാപക നേതാവ് ശരദ് പവാര്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വക്താവ്. യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, എന്‍സിപിയുടെ വര്‍ക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ സമ്മേളനത്തിനെത്തും. സമ്മേളനത്തിന്റെ രണ്ടാം ദിനം പവാര്‍ പങ്കെടുക്കുമെന്നാണ് വിവരം. നാളെ 11 ന് ആണു സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ച.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി മുന്നില്‍നിന്നു പ്രവര്‍ത്തിച്ചയാളാണ് ശരദ് പവാര്‍. ജൂണ്‍ 23ന് പട്‌നയില്‍ നടന്ന സമ്മേനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ 24 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നിയമസഭാ പോരില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഭരണം പിടിച്ച കര്‍ണാടകയിലാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിന് പേര് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാളെ തീരുമാനമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആദ്യ യോഗത്തിന് ശേഷം നിതീഷ് കുമാറും മല്ലികാജ്ജുന്‍ ഖര്‍ഗെയും പറഞ്ഞത് പോലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യവും ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും.
ഭരിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസ് ആതിഥ്യം വഹിക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി (ബംഗാള്‍), എം.കെ.സ്റ്റാലിന്‍ (തമിഴ്‌നാട്), നിതീഷ് കുമാര്‍ (ബിഹാര്‍), ഹേമന്ദ് സോറന്‍ (ജാര്‍ഖണ്ഡ്), പാര്‍ട്ടി നേതാക്കളായ ശരദ് പവാര്‍ (എന്‍സിപി), സീതാറാം യച്ചൂരി (സിപിഎം), ലാലു പ്രസാദ് യാദവ് (ആര്‍ജെഡി), ഡി.രാജ (സിപിഐ) അടക്കമുള്ളവര്‍ പങ്കെടുക്കും. ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പങ്കാളിത്തത്തിനും വഴിയൊരുങ്ങി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരും പങ്കെടുക്കും.
പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ് എം), പി.ജെ.ജോസഫ് (കേരള കോണ്‍ഗ്രസ് ജെ), എന്‍.കെ.പ്രേമചന്ദ്രന്‍ (ആര്‍എസ്പി), ജി.ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവരും പങ്കെടുക്കും. അതേസമയം കെ. ചന്ദ്രശേഖര്‍ റാവു, ജഗന്‍ മോഹന്‍ റെഡ്ഡി, ചന്ദ്രബാബു നായിഡു, നവീന്‍ പട്‌നായിക് എന്നിവര്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കും.