പട്‌ന: ബൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുന്‍ എംഎല്‍എ ഉള്‍പ്പെട്ട സംഘര്‍ഷത്തില്‍ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരുക്ക്. ജയില്‍ശിക്ഷ അനുഭവിക്കുന്ന ബിഹാര്‍ മുന്‍ എംഎല്‍എ അനന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ തടവുകാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. തന്നെ ജയിലില്‍ വച്ചു വകവരുത്താന്‍ പദ്ധിയിട്ടതായും ഇതിന്റെ ഭാഗമായി തങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡ് രാത്രിയില്‍ തുറന്നിട്ടെന്നും ആരോപിച്ചായിരുന്നു അനന്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.
ഞായറാഴ്ച രാവിലെ 7.30 നായിരുന്നു സംഭവം. അനന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ നാല്‍പതോളം തടവുകാര്‍ ജയിലിനുള്ളില്‍ പ്രതിഷേധിക്കുകയായിരുന്നു. തലേന്നു രാത്രി തങ്ങളുടെ വാര്‍ഡ് ബോധപൂര്‍വ്വം തുറന്നിട്ടെന്ന് ഇവര്‍ ആരോപിക്കുന്നു. പൊലീസ് അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും തടവുകാര്‍ പ്രതിഷേധം തുടര്‍ന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കി പകുതിയിലേറെ തടവുകാരെ സെല്ലുകളിലേക്കു തിരിച്ചയച്ചെങ്കിലും അനന്ത് സിങ്ങും മറ്റു 10 തടവുകാരും പ്രതിഷേധം തുടര്‍ന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം രൂപപ്പെട്ടത്.
വിഷയത്തില്‍ പട്‌ന ജില്ല മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചു. ഒരു ജയില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. അടിപിടിയുണ്ടാക്കിയതില്‍ ചില തടവുകാരുടെ പേരില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി മജിസ്‌ട്രേറ്റ് അറിയിച്ചു. 2015ലെ ഒരു കേസുമായി ബന്ധപ്പെട്ട് അനന്ത് സിങ്ങിനെ കഴിഞ്ഞ വര്‍ഷമാണു 10 വര്‍ഷത്തെ തടവിനു കോടതി ശിക്ഷിച്ചത്. ഇയാളുടെ വീട്ടില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെത്തിയിരുന്നു.