പാലക്കാട്: ബിജെപി പിന്തുണയോടെ പിരായിരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് പഞ്ചായത്തംഗം സുഹറ ബഷീര്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പിരായിരി പഞ്ചായത്ത് സെക്രട്ടറിക്കാണ് സുഹറ ബഷീര്‍ രാജിക്കത്ത് കൈമാറിയത്.
ബിജെപിയുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ഇടതുമുന്നണി യോഗം തീരുമാനമെടുത്തിരുന്നു. തീരുമാനം മാനിച്ചാണ് രാജി സമര്‍പ്പിച്ചതെന്ന് കത്ത് കൈമാറിയശേഷം സുഹറ ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വെള്ളിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. സുഹറ ബഷീറിന് 11 വോട്ടും യുഡിഎഫിലെ ഷെറീന ബഷീറിന് 10 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ എട്ടു വോട്ടുകള്‍ക്കൊപ്പം ബിജെപിയുടെ മൂന്നു വോട്ടുകളും സുഹറയ്ക്ക് ലഭിക്കുകയായിരുന്നു. ഇതോടെ ബിജെപിയുമായുള്ള നീക്കുപോക്ക് ഇടതുമുന്നണിക്ക് ആവശ്യമില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.
എല്‍ഡിഎഫ് വിജയം ബിജെപിയുമായുള്ള പരസ്യബന്ധത്തിന്റെ ഭാഗമാണെന്ന് വിജയത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ വൈസ് പ്രസിഡന്റായ സാദിഖ് ബാഷ പ്രസിഡന്റ് സ്ഥാനം വഹിക്കും. 21 അംഗ പഞ്ചായത്തില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് എട്ട്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.