പാലക്കാട്: രണ്ടുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍. നെന്മാറ വിത്തിനശേരി സ്വദേശിനിയായ സരസ്വതിക്കാണ് രണ്ടുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റത്. ബന്ധുവീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. കടിയേറ്റ ശേഷം സരസ്വതി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
പ്രതിരോധ കുത്തിവെപ്പ് എടുത്തതിനുശേഷം സരസ്വതിയുടെ കാലില്‍ തീപ്പൊള്ളലേറ്റതിന് സമാനമായ രീതിയില്‍ കുമിളകള്‍ വരികയും പിന്നീട് ഇവ വലുതായി പൊട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് വീട്ടമ്മ വീണ്ടും നെന്മാറയില് ചികിത്സ തേടി. ഗുരുതരാവസ്ഥയിലായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞുവിട്ടു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടയില്‍ കാല്‍പ്പാദം പൂര്‍ണമായും മുറിച്ചുമാറ്റേണ്ടിവന്നു. ഇതിനുശേഷം വീട്ടിലേക്ക് തിരികെ വന്ന സരസ്വതിക്ക് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നായയുടെ വൈറസ് സരസ്വതിയുടെ ശരീരത്തില്‍ പ്രവേശിച്ചുവെന്നാണ് നിഗമനം. വേദനകൊണ്ട് പൊറുതിമുട്ടുന്ന സരസ്വതി നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.