CareersTRENDING

യുകെയിലേക്ക് പറക്കാൻ ഇന്ത്യക്കാരന് എങ്ങനെ വർക്ക് വിസ ലഭിക്കും ?

വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്ന പുതിയ തലമുറ കുടിയേറാൻ ആ​ഗ്രഹിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ഇതിൽ ബ്രിട്ടണുള്ള സ്ഥാനം മുൻപന്തിയിലാണ്. ഉയർന്ന വൈദ​ഗ്ധ്യമുള്ളവരാണെങ്കിൽ ബ്രിട്ടൺ വാതിൽ തുറന്നിടുകായാണ്. ഫിനാൻസ്, ടെക്‌നോളജി, ഹെൽത്ത്‌കെയർ മേഖലകളിൽ യുകെയിൽ വിദേശ തൊഴിലാളികൾക്ക് മികച്ച അവസരങ്ങളുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരും യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാരുടെ അതേ വിസ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഇന്ത്യക്കാർക്ക് എങ്ങനെ യുകെ വിസ സ്വന്തമാക്കാം എന്ന് നോക്കാം.

യുകെ ഇമി​ഗ്രേഷൻ പ്രോ​ഗ്രാം

Signature-ad

2020-ൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറിയ ശേഷം യുകെ ഇമിഗ്രേഷൻ പ്രോഗ്രാമിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നതിന് വിദേശ തൊഴിലാളികൾക്ക് പോയിന്റ് അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നിലവിലുള്ളത്. നിലവിലെ രീതി പ്രകാരം 25,600 പൗണ്ട് ശമ്പള പരിധിയും പോയിന്റും അടിസ്ഥാനമാക്കിയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വീകരിക്കുന്നത്. നൈപുണ്യവും ശമ്പള പരിധിയും പാലിക്കാത്തവർക്ക് യുകെയിൽ ജോബ് വിസ ലഭിക്കുന്നതിന് സീസണൽ വർക്ക്, താൽക്കാലിക തൊഴിൽ മേഖലകളിൽ മാത്രമെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

ടയർ 2 വർക്ക് വിസ

യുകെയിൽ നിലവിൽ ലഭ്യമായ ഏക ദീർഘകാല തൊഴിൽ വിസയാണ് ടയർ 2 വർക്ക് വിസ. ലൈസൻസുള്ള ഒരു സ്പോൺസർ ജോലി വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ, വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് ടയർ 2 വർക്ക് വിസയ്ക്ക് അപേക്ഷിക്കാം. അക്കാദമിക് വിദഗ്ധരും ഗവേഷകരും, ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്, ഗണിതശാസ്ത്ര മേഖലയിലുള്ളവർ, ആരോഗ്യപരിപാലന വിദഗ്ധർ, നൈപുണ്യ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലെ അവസരങ്ങളിലേക്ക് അപേക്ഷിക്കാം.

ടയർ 2 വിസ യോ​ഗ്യതകൾ

ലൈസൻസുള്ള യുകെ തൊഴിലുടമയിൽ നിന്ന് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുള്ളവരായിരിക്കാണ് ടയർ 2 വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. കുറഞ്ഞ ശമ്പള പരിധി 30,000 പൗണ്ടായിരിക്കണം. മതിയായ ഇംഗ്ലീഷ് പരിജ്ഞാനം, കുറഞ്ഞത് 945 പൗണ്ടിന്റെ സേവിംഗ്സ് അല്ലെങ്കിൽ സ്പോൺസർ നിങ്ങൾക്ക് നൽകിയ തത്തുല്യമായ തുക, 10 വർഷത്തെ ക്രിമിനൽ റെക്കോർഡ് എന്നിവ ആവശ്യമാണ്. ലിസ്റ്റ് ചെയ്ത രാജ്യത്തിൽ നിന്നുള്ളയാളാണെങ്കിൽ ക്ഷയരോഗ പരിശോധനാ ഫലങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തണം.

പോയിന്റിം​ഗ് സംവിധാനം

അപേക്ഷകൻ കുറഞ്ഞത് 70 പോയിന്റ് നേടിയിരിക്കണം. പോയിന്റിം​ഗ് സിസ്റ്റം എങ്ങനെയെന്ന് പരിശോധിക്കാം. അംഗീകൃത സ്പോൺസറുടെ ജോലി ഓഫറിന് 20 പോയിന്റ് ലഭിക്കും. ജോലിക്കുള്ള അനുയോജ്യമായ നൈപുണ്യത്തിന് 20 പോയിന്റും ഇം​ഗ്ലീഷ് പരിജ്ഞാനത്തിന് 10 പോയിന്റും ലഭിക്കും.

ശമ്പളം 20,480-23,039 പൗണ്ടിന് ഇടയിലാണെങ്കിൽ പോയിന്റൊന്നും ലഭിക്കില്ല. 23,040-25,599 പൗണ്ടിനും ഇടയിലാണെങ്കിൽ 10 പോയിന്റും 25,600 പൗണ്ട് ശമ്പളമോ അതിൽ കൂടുതലോ ആണെങ്കിൽ 20 പോയിന്റും ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം

ടയർ 2 വർക്ക് വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കുകയും അപേക്ഷകന്റെ വിരലടയാളവും ഫോട്ടോയും നൽകുന്നതിന് വിസ അപേക്ഷാ കേന്ദ്രം സന്ദർശിക്കുകയും വേണം. ബയോമെട്രിക് റസിഡൻസ് പെർമിറ്റിനാണ് ഇത് ഉപയോ​ഗിക്കുന്നത്. ഇന്ത്യയിൽ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ബം​ഗളൂരു തുടങ്ങിയ 15 ഓളം ന​ഗരങ്ങളിൽ വിസാ അപേക്ഷ കേന്ദ്രമുണ്ട്. ഓൺലൈൻ ആപ്ലിക്കേഷന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യാം.

അപേക്ഷയിലേക്ക് കടക്കുന്നതിന് മുൻപ് തൊഴിലുടമ സ്പോൺസർഷിപ്പ് റഫറൻസ് നമ്പർ, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ സർട്ടിഫിക്കറ്റ്, സാമ്പത്തികം വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, സാധുവായ പാസ്‌പോർട്ട് എന്നിവ തയ്യാറാക്കണം. ജോലിയെയും എവിടെ നിന്നാണ് യാത്ര ചെയ്യുന്നത് എന്നതിനെ ആശ്രയിച്ച് ക്രിമിനൽ റെക്കോർഡ് രേഖ, ആരോ​ഗ്യ സ്ഥിതി സംബന്ധിച്ച വിവരം എന്നിവ നൽകേണ്ടി വന്നേക്കാം.

Back to top button
error: