ദില്ലി: സാമൂഹ്യ പ്രവർത്തക തീസ്ത സെതൽവാദിന്റെ ഇടക്കാല ജാമ്യം ഈ മാസം 19 വരെ നീട്ടി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ചുവെന്നാണ് ടീസ്തക്കെതിരെയുള്ള കേസ്. ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബിആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് നേരത്തെ തീസ്തയുടെ അറസ്റ്റ് തടഞ്ഞത്. ജാമ്യ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി കീഴടങ്ങാൻ നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് തീസ്ത സുപ്രീംകോടതിയെ സമീപിപിച്ചത്. രാത്രി വാദം കേട്ടാണ് കോടതി ഇടക്കാല ജാമ്യം ആദ്യം നൽകിയത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിലെ സ്ഥിര ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാത്രി 9.15 ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജിയിൽ വാദം കേട്ടത്.
തീസ്ത സെതൽവാദിന്‍റെ സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തെക്ക് നീട്ടണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചില്ല. ഉടൻ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ വർഷം ജൂൺ 25 നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചു എന്നാണ് തീസ്തക്കെതിരായ കേസ്.