ചെന്നൈ: തമിഴ്‌നാട് സേലത്ത് ക്ലാസ് ലീഡറുടെ കുടിവെള്ളത്തില്‍ വിഷം കലക്കിയ സംഭവത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. സേലം ശങ്കഗിരി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ക്ലാസ് ലീഡര്‍ കുപ്പിയില്‍ കൊണ്ടുവന്ന വെള്ളത്തിലാണ് സഹപാഠികള്‍ വിഷം കലക്കിയത്. വെള്ളം കുടിക്കുന്നതിനിടെ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി തുപ്പിക്കളഞ്ഞതിനാല്‍ രക്ഷപ്പെട്ടു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തിന്റെ രുചി വ്യത്യാസം കുട്ടി അധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപികയുടെ ഇടപെടലില്‍ വെള്ളം രാസപരിശോധനക്കയച്ചു. പരിശോധനയില്‍ വെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
ഹോംവര്‍ക്ക് ചെയ്യാതെ വിദ്യാര്‍ഥികള്‍ എത്തിയത് അധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് വിഷം കലക്കാന്‍ കാരണമെന്ന് കുട്ടികള്‍ പോലീസിനോട് സമ്മതിച്ചു. തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 328 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
അച്ഛന്റെ കൃഷിയിടത്തില്‍ നിന്ന് കീടനാശിനി മോഷ്ടിച്ചാണ് ലീഡറുടെ വെള്‌ലത്തില്‍ കലക്കിയതെന്നും വയറിളക്കമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കസ്റ്റഡിയിലായ വിദ്യാര്‍ഥികള്‍ പോലീസിനോട് പറഞ്ഞു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ശങ്കഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.