പത്തനംതിട്ട: രണ്ടു ദിവസമായി കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും അതീവ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു.
മലയോര മേഖലയില്‍ അതിജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.അടുത്ത 24 മണിക്കൂറിനുളളില്‍ 115.6 മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തുടര്‍ച്ചയായി മഴ പെയ്തതോടെ പമ്ബ, അച്ചൻകോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ നദികളില്‍ കുളിക്കുവാനോ മീൻപിടിക്കുവാനോ ഇറങ്ങരുതെന്നും നദികള്‍ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലാശയങ്ങളുടെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ചകാണുവാൻ നില്‍ക്കുന്നതും കൂട്ടംകൂടി നില്‍ക്കുന്നതും അപകടകാരണമാകും. കാറ്റിലും മഴയിലും മരം കടപുഴകിവീണ് അപകടങ്ങള്‍ ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
മഴക്കുറവുമൂലം വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായ ശബരിഗിരി ജല വൈദ്യുത പദ്ധതി പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി കനത്തമഴയാണ് പെയ്യുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച മഴയെ തുടര്‍ന്ന് കക്കി ഡാമിലേക്ക് ചെറിയതോതില്‍ നീരൊഴുക്ക് തുടങ്ങി. ഇതോടെ കക്കിഡാമിലെ ജലനിരപ്പ് 9ല്‍ നിന്ന് 11.50 ശതമാനമായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് ഇന്നലെ 6 സെന്റീ മീറ്റര്‍ മഴ രേഖപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിച്ചേക്കും. വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനം രാത്രിയില്‍ മാത്രമായി നിജപ്പെടുത്തുകയും തുടര്‍ന്ന് 6 മണിക്കൂര്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.