മഴക്കാലം വന്നതോടെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി (Dengue Fever) പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച മരണങ്ങൾ പ്രതിദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇന്നലെ തിരുവനതപുരം കല്ലറ പാങ്കാട് ആർബി വില്ലയിൽ കിരൺ ബാബു എന്ന 26 കാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതോടെ ഇതുവരെയായി സംസ്ഥാനത്ത് ഈ രോഗം മൂലം മരിച്ചത് 38 പേരാണ് .
ഈഡിസ് ഈജിപ്‌റ്റി കൊതുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണിത്. രോഗത്തിന്റെ തുടക്കത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറയില്ലെങ്കിലും പതുക്കെ പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെ ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനിസമയത്ത് മരുന്നിനോടൊപ്പം ഭക്ഷണകാര്യം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ സമയത്ത് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണത്തെക്കുറിച്ച ഒന്ന് അറിഞ്ഞിരിക്കാം.
കഴിക്കേണ്ട ഭക്ഷണസാധനങ്ങൾ
വിറ്റാമിൻ സി
രോഗം മാറിയാലും പൂര്‍ണമായും ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ കുറച്ച് സമയം എടുക്കും. നന്നായി വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താല്‍ മാത്രമേ രോഗത്തില്‍ നിന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കൂ. ഡെങ്കിപ്പനി സമയത്ത് വൈറ്റമിന്‍ സി ആണ് ആരോഗ്യത്തിന് നല്ലത്. ആന്റി വൈറല്‍, ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് വൈറ്റമിന്‍ സി. ഡെങ്കിപ്പനി സമയത്ത് ഓറഞ്ച്, നാരങ്ങ, പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങളും പച്ച ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. പപ്പായ ഇല കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് എണ്ണം കൂട്ടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധ മതം..
അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഡെങ്കിപ്പനി സമയത്ത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്താനും പ്ലേറ്റ്ലെറ്റുകള്‍ ഉത്പാദിപ്പിക്കാനും നിങ്ങളുടെ ശരീരത്തിന് ധാരാളം ഇരുമ്പ് ആവശ്യമാണ്. ശരീരത്തിലെ രക്തം കട്ടപിടിക്കുന്ന പ്രക്രിയയില്‍ പ്ലേറ്റ്ലെറ്റുകള്‍ നിര്‍ണായകമാണ്, അതിനാല്‍ രക്തനഷ്ടം തടയാന്‍ അത് ആവശ്യമാണ്. പയര്‍വര്‍ഗ്ഗങ്ങള്‍, കരള്‍, മാംസം, പച്ച ഇലക്കറികള്‍ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.ഇത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം നന്നായി വീണ്ടെടുക്കുന്നതിനും ഡെങ്കിപ്പനിയില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാനും സഹായിക്കും.
വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങള്‍
വൈറ്റാമിന്‍ കെ മറ്റൊരു പ്രധാന പോഷകമാണ്. ഇത് പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ കെയുടെ സ്വാഭാവിക ഉറവിടമായ മുളകള്‍, ബ്രൊക്കോളി, ഇലക്കറികള്‍ എന്നിവ ഡെങ്കിപ്പനി സമയത്തെ ഭക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം.
ദ്രാവകങ്ങള്‍
ജലം ശരീരത്തിന് അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് ഡെങ്കിപ്പനിയില്‍ നിന്ന് മുക്തി നേടുമ്പോള്‍. നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇലക്ട്രോലൈറ്റുകള്‍ (പൊട്ടാസ്യം, കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം എന്നിവ) അടങ്ങിയിരിക്കുന്നതിനാല്‍ തേങ്ങാവെള്ളം, കഞ്ഞിവെള്ളം എന്നിവ പോലുള്ള മറ്റ് ദ്രാവകങ്ങളും നിങ്ങള്‍ക്ക് കഴിക്കാം. ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കാനും നന്നായി ജലാംശം നിലനിര്‍ത്താനും ദ്രാവകങ്ങള്‍ നിങ്ങളെ സഹായിക്കും.
കഴിക്കാന്‍ പാടില്ലാത്തവ
കഫീന്‍
ശരീരത്തിന് ഊര്‍ജ്ജം നല്‍കുമെന്ന് കരുതി ഡെങ്കിപ്പനി സമയത്ത് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ ശരീരത്തിന് ധാരാളം വെള്ളം ആവശ്യമാണ്, കഫീന്‍ ഒരു ഡൈയൂററ്റിക് പോലെ പ്രവര്‍ത്തിക്കുന്നു, ഇത് ശരീരത്തില്‍ നിന്ന് വെള്ളം മൂത്രമായി പുറന്തള്ളുന്നു. അതിനാല്‍, കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍, കാപ്പി, ചായ മുതലായവ ഒഴിവാക്കണം, കാരണം അവ നിര്‍ജ്ജലീകരണത്തിനും (ദ്രാവകം നഷ്ടപ്പെടുന്നതിനും) പേശികളുടെ തകര്‍ച്ചയ്ക്കും കാരണമാകും.
എരിവുള്ള ഭക്ഷണങ്ങള്‍
ഡെങ്കിപ്പനി സമയത്ത് വളരെ ലളിതമായതും കട്ടി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. ഭക്ഷണത്തില്‍ മസാലകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലെ മസാലകള്‍ ആമാശയത്തെ കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കാന്‍ ഉത്തേജിപ്പിക്കുന്നു. ഈ ആസിഡ് ആമാശയത്തിന്റെ ഭിത്തികളെ പ്രകോപിപ്പിക്കുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍, വയറുവേദന, കുടല്‍ രക്തസ്രാവം എന്നിവ ഉണ്ടാകാതിരിക്കാന്‍ എരിവുള്ള ഭക്ഷണം ഒഴിവാക്കണം.
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍
ഡെങ്കിപ്പനി നിങ്ങളുടെ ദഹനശേഷി കുറയ്ക്കുന്നു. ഈ സമയത്ത് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ ആമാശയത്തിന് വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍, ചീസ്, കൊഴുപ്പുള്ള മാംസം, വെണ്ണ, വറുത്ത ഭക്ഷണങ്ങള്‍, അവോക്കാഡോ എന്നിവ പോലുള്ള കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് വയറിലെ ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.