കൊച്ചി: വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്രൂരമര്‍ദനം. ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുന്ന ജുലൈ ഒന്നിന് പുലര്‍ച്ചെയായിരുന്നു സംഭവം. ഹൗസ് സര്ജന് ഡോ.ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസ്മില്‍, റോഷന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണുന്നതിനായി ആശുപത്രിയിലെത്തിയവര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഇത് ഹരീഷ് ചോദ്യ ചെയ്തതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിച്ച് പ്രതികള്‍ സ്ഥലത്തുനിന്നു പോയി. ഇതിനുശേഷം ഹൗസ് സര്ജന്മാര് വിശ്രമിക്കുന്ന സ്ഥലത്തെത്തിയാണ് ഹരീഷിനെ ഇരുവരും മര്‍ദ്ദിച്ചത്. ആക്രമണം ആസൂതിതമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
വനിതാ ഡോക്ടറെ പ്രതികള്‍ രണ്ടുതവണ ശല്യം ചെയ്തിരുന്നു. പിന്തുടര്ന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കും. നേരത്തെ കളമശേരി മെഡിക്കല്‍ കോളജിലും ഡോക്ടറെ മര്‍ദിച്ചിരുന്നു.
അതിനിടെ, കൊട്ടാരക്കരയില്‍ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം. ഇതുമായി ബന്ധപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഡോ.വന്ദനയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടി.
ഇക്കഴിഞ്ഞ മേയ് 10ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസിനെ പ്രതി ജി.സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി, സ്വമേധയാ കേസെടുത്തിരുന്നു.