IndiaNEWS

സിവില്‍കോഡില്‍ ‘ചുപ്പ് രഹോ’യെന്ന് എന്‍.സി.പി; രാജ്യസഭയില്‍ പിന്തുണയ്ക്കാന്‍ ശിവസേന

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ ശക്തിപ്രാപിക്കവെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യശ്രമത്തിലുള്ള പ്രതിപക്ഷത്തില്‍ വീണ്ടും വിള്ളല്‍ സൂചനകള്‍. പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിക്ക് പിന്നാലെ, ഏക സിവില്‍ കോഡിനെ ശിവസേന ഉദ്ദവ് താക്കറെ പക്ഷം രാജ്യസഭയില്‍ പിന്തണച്ചേക്കും. ഏക സിവില്‍ കോഡിനെ അംഗീകരിക്കുന്ന നിലപാടാണ് ശിവസനേയുടേതെങ്കിലും കരട് നിയമം അവതരിപ്പിച്ചാല്‍ മാത്രമേ അന്തിമതീരുമാനം എടുക്കൂവെന്ന് കഴിഞ്ഞദിവസം പാര്‍ട്ടി വക്താവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കിയിരുന്നു.

ബില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പാര്‍ട്ടി അതിനെ പിന്തുണയ്ക്കുമെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍, പ്രതിപക്ഷ ഐക്യത്തിലെ മറ്റുപാര്‍ട്ടികളുമായുള്ള നിലപാടിലെ വ്യതിയാനം എങ്ങനെ വിശദീകരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായും ശിവസേനയുമായി സഖ്യത്തിലുള്ള എന്‍.സി.പി. ഇതേക്കുറിച്ച് അഭിപ്രായമൊന്നും പറയേണ്ടെന്നാണ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം.

Signature-ad

ഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്ന പാര്‍ട്ടിനേതാക്കളുടെ യോഗത്തിലാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ ഇത് ഏത് രീതിയിലാണ് നടപ്പാക്കുന്നതെന്ന് വ്യക്തതവരട്ടെ. എന്നിട്ടാവാം ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായ പ്രകടനമെന്നാണ് പവാര്‍ അനുയായികള്‍ക്ക് നല്‍കിയ നിര്‍ദേശം. അതിനിടെ, ഏക സിവില്‍കോഡിനെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിരുന്നു.

അടുത്തമാസം ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ലോക്സഭയെക്കുറിച്ച് ബി.ജെ.പിക്ക് ആശങ്കയില്ല. എന്നാല്‍, എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ എ.എ.പിയുടേയും ശിവസേനയുടേയും പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

Back to top button
error: