ദുബായ്: ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കടലില്‍ വീണ റോളക്‌സ് വാച്ച് മിനിറ്റുകള്‍ക്കകം മുങ്ങിയെടുത്ത് ദുബായ് പോലീസ്. സുഹൃത്തുക്കള്‍ക്കൊപ്പം ദുബായിലെ പാം ജുമൈറയില്‍ ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയാണ് യുഎഇ പൗരനായ ഹമീദ് ഫഹദ് അല്‍ അമീരിയുടെ വിലപിടിപ്പുള്ള റോളക്സ് വാച്ച് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് തെരച്ചിലിനെത്തിയ ദുബായ് പോലീസ് 30 മിനിറ്റുകള്‍ക്കകം വാച്ച് കണ്ടെത്തി.
2,50,000 ദിര്‍ഹം (ഏകദേശം 55 ലക്ഷം രൂപ) വിലയുള്ള വാച്ചാണ് ബോട്ട് യാത്രയ്ക്കിടെ കടലില്‍ വീണത്. ബ്രിട്ടീഷ് സുഹൃത്തിനൊപ്പം കടലില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് അല്‍ അമീരിയുടെ വാച്ച് നഷ്ടപ്പെട്ടത്. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ വാച്ച് കൈയിലുണ്ടായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാച്ച് കടലില്‍ വീണ് നഷ്ടമായെന്ന് വ്യക്തമായി. വെള്ളത്തിന്റെ ആഴം കണക്കിലെടുക്കുമ്പോള്‍, വാച്ച് കണ്ടെത്തുന്നത് അസാധ്യമാണെന്ന് അറിയാമായിരുന്നുവെങ്കിലും താന്‍ ദുബായ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
മിനിറ്റുകള്‍ക്കകം ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളില്‍ അവര്‍ കടലിന്റെ അടിയില്‍ നിന്ന് വാച്ച് കണ്ടെത്തി തിരികെ നല്‍കിയെന്നും അല്‍ അമീരി പറഞ്ഞു. വാച്ചുമായി തിരികെയെത്തിയ ദുബായ് പോലിസിനെ ആഹ്ലാദത്തോടെയും അഭിവാദ്യങ്ങളോടെയും കരഘോഷത്തോടെയുമാണ് ബോട്ടിലുണ്ടായിരുന്നവര്‍ സ്വീകരിച്ചത്.
ഇത് ആദ്യമായല്ല കടലില്‍ നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങള്‍ ദുബായ് പോലിസ് വീണ്ടെടുക്കുന്നത്. 2021ല്‍ ഹത്ത അണക്കെട്ടിന്റെ ആഴക്കടലില്‍ തന്റെ സാധനങ്ങളെല്ലാം നഷ്ടമായ സഞ്ചാരിയെ സഹായിക്കാന്‍ ദുബായ് പോലിസ് എത്തിയിരുന്നു. മറ്റൊരു സാഹസികന്‍ ഡാമില്‍ കയാക്കിംഗിനിടെ ഐഡിയും ക്രെഡിറ്റ് കാര്‍ഡുകളും വാഹനത്തിന്റെ താക്കോലും രണ്ട് ഫോണുകളും നഷ്ടപ്പെട്ട ടൂറിസ്റ്റിനും അവയെല്ലാം തിരികെ കണ്ടെത്തി നല്‍കി. ഈ വര്‍ഷം ജനുവരിയില്‍, ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട 110,000 ദിര്‍ഹം വാച്ച് തിരികെ നല്‍കി ദുബായ് പോലീസ് വിനോദസഞ്ചാരിയെ അത്ഭുതപ്പെടുത്തിയിരുന്നു.