KeralaNEWS

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ ചോദിക്കാന്‍ ജോസ് വിഭാഗം; കോട്ടയത്തിനു പുറമേ നോട്ടം ഇടുക്കിയിലും പത്തനംതിട്ടയിലും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് (എം). കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി സീറ്റുകളാണ് ജോസ് കെ.മണി വിഭാഗം ഉന്നമിടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കേണ്ടവരെ അറിയിച്ചതായി പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് സംബന്ധിച്ച് ജോസ് കെ മാണി വിവരങ്ങള്‍ പങ്കുവച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റായ കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും വേണമെന്നാണ് ആവശ്യം. ഇടുക്കിയും പത്തനംതിട്ടയും ജയസാധ്യതയുള്ള മണ്ഡലങ്ങളാണെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നിവയാണ് ഈ മണ്ഡലങ്ങള്‍. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ജയസാധ്യതയുണ്ട സീറ്റാണെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നത്.

Signature-ad

ഇടുക്കിക്കും പത്തനംതിട്ടയ്ക്കുമായ മുന്നണിയില്‍ ശകതമായ അവകാശവാദം ഉന്നയിച്ചാല്‍ ഒരു സീറ്റെങ്കിലും നേടിയെടുക്കാനാകുമെന്ന വിലയിരുത്തലാണുള്ളത്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള ഇടുക്കി സീറ്റിലും ജയസാധ്യത കൂടുതലാണെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും എത്തുന്ന സാഹചര്യത്തില്‍ അധിക സീറ്റ് എന്ന അവകാശവാദം ഉന്നയിക്കാനാണ് പാര്‍ട്ടിയില്‍ നീക്കം.

കേരള കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയതോടെ മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനായെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും നിര്‍ദേശമുയര്‍ന്നിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് നല്‍കണമെന്ന ആവശ്യം വൈകാതെ കേരളാ കോണ്‍ഗ്രസ് (എം) ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: