തിരുവനന്തപുരം: പോലീസെന്ന വ്യാജേന യൂണിഫോം ധരിച്ചെത്തിയ സംഘം വ്യാപാരിയെ കാറില്‍ പൂട്ടിയിട്ടു. പൂവച്ചലിലെ വ്യാപാരിയും സോണി ഏജന്‍സീസ് ഉടമയുമായ മുജീബിനെയാണ് അക്രമി സംഘം പൂട്ടിയിട്ടത്. ഇന്നലെ രാത്രി 9.30ന് കാട്ടാക്കട പൂവച്ചലിലായിരുന്നു സംഭവം.
കടയടച്ച് വരുന്ന വഴി നീല സ്വിഫ്റ്റ് കാറിലെത്തിയ സംഘം മുജീബിന്റെ കാര്‍ തടഞ്ഞു. പോലീസ് വേഷത്തിലെത്തിയതിനാല്‍ പെട്ടെന്ന് മുജീബിന് സംശയം തോന്നിയില്ല. ആള്‍വാസം കുറഞ്ഞ പ്രദേശത്തുവച്ചാണ് കാര്‍ തടഞ്ഞത്. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ട സംഘം മുജീബിന്റെ കൈയില്‍ വിലങ്ങുവച്ച് കാറിന്റെ സ്റ്റിയറിംഗില്‍ ബന്ധിക്കുകയായിരുന്നു. കാറിന്റെ താക്കോലെടുത്ത് ലോക്ക് ചെയ്ത് കീ കാറില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെ മുജീബ് കാറിന്റെ ഹോണ്‍ നിറുത്താതെ മുഴക്കി. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴാണ് മുജീബ് കുടുങ്ങി കിടക്കുന്നത് കണ്ടത്. സമീപവാസികള്‍ പണിപ്പെട്ട് കാറിന്റെ ഡോര്‍ തുറന്നു.
മുജീബ് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചതോടെ നാട്ടുകാര്‍ കാട്ടാക്കട പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസിന്റെ കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് വിലങ്ങഴിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആരാണ് അക്രമി സംഘമെന്ന് മുജീബിനും വ്യക്തമല്ല. വാഹന നമ്പര്‍ കണ്ടുപിടിക്കാന്‍ സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി കാട്ടാക്കട ഡിവൈ.എസ്.പി ഉള്‍പ്പടെ സംഭവ സ്ഥലത്തെത്തിയിരുന്നു.