MovieNEWS

ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വമില്ലെന്ന് ‘അമ്മ’; ഷെയിന്‍ വിഷയം പ്രശ്‌നം പരിഹരിക്കും

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വം നല്‍കേണ്ടെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടിവില്‍ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരേ നിര്‍മാതാക്കളുടെ വിലക്ക് നിലനില്‍ക്കുന്നതിനാലാണ് അംഗത്വം ഉടനെ പരിഗണിക്കേണ്ടെന്നു തീരുമാനമുണ്ടായത്. നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചശേഷം അംഗത്വ അപേക്ഷ എക്‌സിക്യൂട്ടിവ് വീണ്ടും ചര്‍ച്ച ചെയ്യാനാണ് ധാരണ. നടി നിഖിലാ വിമല്‍ അടക്കം ഏഴു പേര്‍ക്ക് അംഗത്വം നല്‍കാനും യോഗം തീരുമാനിച്ചു.

യുവനടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഷെയ്ന്‍ നിഗവുമായി നിസ്സഹകരിക്കുമെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഷെയ്ന്‍ അമ്മ അംഗമാണ്. പ്രശ്‌ന പരിഹാരത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടത്തും.

Signature-ad

സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരസംഘടനയായ അമ്മയില്‍ അംഗത്വത്തിനായി ശ്രീനാഥ് ഭാസി അപേക്ഷ സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അമ്മയുടെ ഓഫീസിലെത്തിയാണ് അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറിയത്. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ.

ഡേറ്റ് നല്‍കാമെന്നു പറഞ്ഞു നിര്‍മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചത്. നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു റിസ്‌കെടുക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: