CrimeNEWS

മദ്യവില്‍പന ശാലയില്‍ തോക്കുചൂണ്ടി അക്രമം; സംഘത്തില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും

തൃശ്ശൂര്‍: പൂത്തോളില്‍ മദ്യശാലയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും. സ്വര്‍ണക്കടത്ത് കേസിലെ പതിനാറാം പ്രതി ജിഫ്സലാണ് അറസ്റ്റിലായ സംഘത്തില്‍പ്പെട്ടയാള്‍. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജിഫ്സല്‍.

കഴിഞ്ഞ ദിവസമാണ് പൂത്തോളിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലയില്‍ അക്രമിസംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാര്‍ഡ് വഴി പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് മറ്റൊരു കാര്‍ഡുമായി വരാം എന്ന് പറഞ്ഞ് ഇവര്‍ പുറത്തേക്ക് പോയി. ഇവര്‍ തിരിച്ചു വന്നപ്പോള്‍ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അപ്പോഴായിരുന്നു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നു മദ്യശാലയിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതോടെ ഇയാളുമായി പോലീസ് വിവിധ ബാറുകളില്‍ പരിശോധന നടത്തി. തുടര്‍ന്നു നാലുപേരെയും കണ്ടെത്തുകയായിരുന്നു.

Signature-ad

കേസില്‍ ഉള്‍പ്പെട്ട സംഘത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നറിയാന്‍ പോലീസ് വിശദമായി അന്വേഷണം നടത്തിയിരുന്നു. പരിശോധനയിലാണ് ജിഫ്സല്‍ സ്വപ്നയുള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണെന്ന് വ്യക്തമാകുന്നത്.

സ്വര്‍ണക്കടത്ത് സംഘത്തിലുള്‍പ്പെട്ട ജിഫ്സല്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. അതിനിടയിലാണ് വീണ്ടും അറസ്റ്റിലാകുന്നത്. തോക്കുചൂണ്ടിയ കേസില്‍ ജിഫ്സല്‍ നാലാം പ്രതിയാണ്. പ്രതികള്‍ കോടതിയില്‍ ഹാജരായ ശേഷം റിമാന്‍ഡില്‍ കഴിയുകയാണ്.

Back to top button
error: