FictionNEWS

ഇന്ന് ഫാദേർസ് ഡേ: വായിക്കാം ഒരു കഥ

അച്ഛൻ
*ഏബ്രഹാം വറുഗീസ്*
 മ്മ കരഞ്ഞു പറഞ്ഞിട്ടും അപ്പു അന്ന് ഉച്ചയ്ക്കത്തേക്കുള്ള പൊതിച്ചോറ് എടുക്കാതെയാണ് സ്കൂളിലേക്ക് പോയത്.മഴ കോരിച്ചൊരിയുന്ന ജൂൺ മാസത്തിലെ ഒരു ദിവസമായിരുന്നു അത്.
അഞ്ചാംക്ലാസിലാണ് അപ്പു പഠിച്ചിരുന്നത്.പുതിയ

ബാഗും ഉടുപ്പും നിക്കറുമെല്ലാം സ്കൂൾ തുറന്നപ്പോഴേക്കും അച്ഛൻ അവന് വാങ്ങിക്കൊടുത്തിരുന്നു.പക്ഷെ കുട പഴയതായിരുന്നു.പുതിയ കുടവേണമെന്നു പറഞ്ഞ്  വാശിപ്പിടിച്ചപ്പോഴൊക്കെ അച്ഛൻ ഒന്നും മിണ്ടാതെ ഇരുന്നതാണ്  അവനെ ചൊടിപ്പിച്ചത്.ആ കണ്ണുകൾ നിറഞ്ഞിരുന്നത് അവൻ ശ്രദ്ധിച്ചതുമില്ല.
 പഴയ കുടയുമായി ആരാണ്ടോടോ ഉള്ള വാശിപോലെ സ്കൂളിലേക്ക് നടക്കുമ്പോൾ ഇടയ്ക്കുവച്ച് മഴ നനഞ്ഞ് ലോറിയിലേക്ക് തടി ചുമ്മിക്കയറ്റുന്ന അച്ഛനെ അവൻ കണ്ടു.എങ്കിലും കാണാത്ത ഭാവത്തിൽ അവൻ നടന്നു.അവന് ദേഷ്യം വരുന്നുണ്ടായിരുന്നു.ക്ലാസിലെ മറ്റു കുട്ടികൾക്കെല്ലാം പുത്തൻ കുടയുണ്ട്.ഓരോ വർഷവും സ്കൂൾ തുറക്കുമ്പോൾ അവർ പുത്തനുടുപ്പും നിക്കറുമിട്ട് പുത്തൻ കുടയും പുത്തൻ ബാഗുമായിട്ടൊക്കെയാണ് സ്കൂളിലേക്ക് വരാറ്.തനിക്കു മാത്രം..!
 സ്കൂൾ തുറന്നപ്പോൾ അച്ഛൻ ആദ്യം നിക്കറും ഉടുപ്പും മാത്രമാണ് പുതിയതായി വാങ്ങിത്തന്നത്.താൻ പിന്നെ ഒരുപാട് നിർബന്ധം പിടിച്ച് കരഞ്ഞപ്പോഴാണ് പുതിയൊരു ബാഗ് വാങ്ങിത്തരാൻ തയ്യാറായതുതന്നെ.എന്തൊരു ദുഷ്ടനാണ് അച്ഛൻ!
 ഓരോന്ന് ആലോചിച്ച് സ്കൂളിലെത്തിയത് അപ്പു അറിഞ്ഞില്ല.അവന്റെ മനസ്സിൽ അപ്പോഴും മഴക്കാറ് മൂടിക്കിടന്നു.
 ഉച്ചഭക്ഷണത്തിനായി കുട്ടികൾ കലപില കൂട്ടി എഴുന്നേറ്റപ്പോൾ അപ്പു ക്ലാസ് മുറിക്ക് പുറത്തേക്കു നടന്നു.പെട്ടെന്ന് അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.കോരിച്ചൊരിയുന്ന മഴയിൽ വാഴയില തലയ്ക്കു മീതെ പിടിച്ച് തനിക്കുള്ള പൊതിച്ചോറുമായി പള്ളിക്കൂടമുറ്റത്ത് കാത്തുനിൽക്കുന്ന അച്ഛൻ! പുതിയൊരു കുടയും ആ പൊതിച്ചോറിനോടൊപ്പം അയാളപ്പോൾ ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു !

Back to top button
error: