കൊച്ചി: പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിലിടിച്ച് കത്തി നശിച്ചു. തൊടുപുഴ സ്വദേശികളുടെ വാഹനമാണ് പാലത്തിലിടിച്ചത്. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പനമ്പിള്ളി റോഡില്‍ നിന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ റോഡിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരു റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തില്‍ വച്ചാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചതിന് പിന്നാലെ കാറില്‍ നിന്ന് തീ ഉയരുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ പുറത്തേയ്ക്ക് ഓടിയത് കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
മത്സരയോട്ടത്തിനിടെ സംഭവിച്ചതാണെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെ, മുന്നിലുള്ള ഒരു കാറിനെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ ഇടിച്ചത്. ഇവിടെ സ്ഥിരമായി കാറുകളുടെ മത്സരയോട്ടം നടക്കാറുള്ളതായി നാട്ടുകാര്‍ പറയുന്നു.