മനാമ: ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി എയർ ഇന്ത്യ. തിങ്കളാഴ്ച രാത്രി 11.45ന് ബഹ്റൈനിൽ നിന്ന് തിരിച്ച് പുലർച്ചെ 5.05ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന എഐ 940 വിമാനമാണ് മുന്നറിയിപ്പുകളൊന്നും നൽകാതെ റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പെരുവഴിയിലായി.
അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ യാത്ര പുറപ്പെടാനായി മണിക്കൂറുകൾക്ക് മുമ്പേ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നത്. മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരുടെ ഉൾപ്പെടെ യാത്ര പ്രതിസന്ധിയിലായി. അത്യാവശ്യമായി യാത്ര ചെയ്യേണ്ടിയിരുന്ന ചിലർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് തരപ്പെടുത്തി പുലർച്ചെ തന്നെ യാത്ര തിരിച്ചു. മറ്റുള്ളവർ ബഹ്റൈനിൽ കുടുങ്ങി.
അതേസമയം ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് റദ്ദാക്കിയതു കൊണ്ടാണ് തിരികെയുള്ള സർവീസും റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ അധികൃതർ പറയുന്നു. യാത്രക്കാരെ രാത്രി തന്നെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അത്യാവശ്യമായി പോകേണ്ടിയിരുന്നവരെ രാത്രി ഗൾഫ് എയർ വിമാനത്തിൽ യാത്രയാക്കി. മറ്റുള്ളവർക്ക് ഇന്നും നാളെയുമുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ടിക്കറ്റുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.