ഓണ്‍ലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയായിരുന്നു പിറ്റേന്ന് രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠിയായ മറ്റൊരു കുട്ടിയും തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികള്‍ ഈ ഗെയിമിന്റെ പിടിയിയിലായതായിട്ടാണ് പോലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വർത്തമാനകാലത്ത് മൊബൈൽ ഫോണില്ലാതെ ദൈനംദിന ജീവിതം ദുസ്സഹമായ സാഹചര്യമാണുള്ളത്. മുതിർന്നവരെ പോലെത്തന്നെ കുട്ടികൾക്കും ഫോൺ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായി. അതിനു വളം വെച്ച് കൊടുക്കുന്നതിൽ മുഖ്യപങ്കും മാതാപിതാക്കൾക്കാണ്. കുട്ടികൾ ഒരിടത്ത് അടങ്ങിയിരിക്കാൻ വേണ്ടി അവർക്ക് ഫോൺ നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കാത്ത ഒരുപാട് പ്രശ്നങ്ങൾ അതിനെ തുടർന്നുണ്ടാകുന്നു. പതുക്കെ പതുക്കെ ഫോണില്ലാതെ ഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ല എന്ന അവസ്ഥയിലേക്ക് കുട്ടികളെത്തും.
കുട്ടികളുടെ തലയോട്ടി മുതിർന്നവരെക്കാൾ 60% കട്ടി കുറഞ്ഞതാണ്.സ്വാഭാവികമായും ഫോണിലൂടെയുള്ള റേഡിയേഷൻ മുതിർന്നവരിൽ ഏൽപ്പിക്കുന്ന ആഘാതത്തെക്കാൾ കൂടുതൽ കുട്ടികളിൽ ഏൽപ്പിക്കും. കൂടുതൽ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് വീടുകൾക്കുള്ളിലാണ്. സ്വാഭാവികമായും സാമൂഹികമായ ഇടപെടലുകൾ അതുകാരണം അവരിൽ ഉണ്ടാവുകയില്ല.
മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്ന കുട്ടികളിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ഡിപ്രഷൻ വരാനുള്ള സാധ്യത ഏറെയാണ്. വിഷാദം, ഉത്കണ്ഠ, പഠനത്തിലുള്ള ശ്രദ്ധക്കുറവ് മുതലായവ കുട്ടികളിൽ മൊബൈൽ ഫോൺ കാരണം ഉണ്ടാകുന്നു. അനാവശ്യമായ മത്സരബുദ്ധിയും അക്രമവാസനയും മൊബൈൽഫോൺ ഗെയിമുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കുട്ടികൾക്ക് ഉണ്ടാകാറുണ്ട്. ഇന്റർനെറ്റിന്റെ ലോകത്ത് കൂടുതൽ സമയം ചിലവഴിക്കുന്ന കുട്ടികൾ സ്വാഭാവികമായ ഒരു ജീവിത സന്ദർഭത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്താറുണ്ട്.ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ മൊബൈൽ ഫോൺ കഴിവതും അവരുടെ കയ്യിൽ കൊടുക്കാതിരിക്കുക എന്നതുതന്നെയാണ് ഉത്തമമായ മാർഗം.കുട്ടികൾക്ക് പക്വത കൈവന്നതിനുശേഷം മാത്രമേ മുഴുവനായി മൊബൈൽ ഫോൺ കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കാവു.