മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ളാറ്റില്‍ സൂക്ഷിച്ചതിന് അറസ്റ്റിലായ മനോജ് സാനെ (56), തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കിയെന്ന് സൂചന. സാനെ പതിവില്ലാതെ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നതായി അയല്‍ക്കാര്‍ നല്കിയ മൊഴിയാണ് സംശയത്തിനു കാരണം. മൃതദേഹ ഭാഗങ്ങളില്‍ ചിലത് സമീപത്ത് അഴുക്കുചാലില്‍ ഒഴുക്കിയതായും സൂചനയുണ്ട്.
പ്രതിക്കൊപ്പം താമസിച്ചിരുന്ന സരസ്വതി വൈദ്യ (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ കഷണങ്ങളായി മുറിച്ച മൃതദേഹ ഭാഗങ്ങളില്‍ ചിലത് കണ്ടെടുക്കാനായിരുന്നില്ല. ഇതിനിടെയാണ്, മൃതദേഹ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കിയെന്ന സംശയം ഉയരുന്നത്. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളില്‍ ചിലത് സാനെ പ്രഷര്‍ കുക്കറിലിട്ട് വേവിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
മീരാറോഡ് ഈസ്റ്റിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഏഴാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ പോലീസ് പൂട്ട് തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്.
ശരീരഭാഗങ്ങള്‍ മുറിച്ച് കവറുകളിലാക്കി ബക്കറ്റുകളിലും വാഷ് ബെയ്സിനിലും അടുക്കളയിലെ സ്റ്റാന്‍ഡിലുമാണ് സൂക്ഷിച്ചിരുന്നത്. കുറച്ചു ഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച ശേഷമാണ് കവറിലാക്കിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു.
എന്നാല്‍, സരസ്വതി വിഷം കഴിച്ച് ജീവനൊടുക്കിയെന്നും അറസ്റ്റ് ഭയന്നാണ് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നും പ്രതി മൊഴി നല്കി. സാനെ റേഷന്‍ കടയിലാണു ജോലി ചെയ്തിരുന്നത്. മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന സരസ്വതിയെ 15 വര്‍ഷം മുമ്പാണ് പരിചയപ്പെട്ടത്. ഇരുവരും ഒരുമിച്ചായിരുന്നു താമസമെങ്കിലും കലഹം പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.