കാസര്‍ഗോഡ്: പൊവ്വല്‍ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ രണ്ട് യുവാക്കളെ കൂടി ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊവ്വലിലെ തൈസീര്‍ (28), മഹ്റൂഫ് (23) എന്നിവരാണ് ആദൂര്‍ ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരു മടിവാളയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പിടിയിലായ തൈസീര്‍ ആറ് പോക്സോ കേസിലും മഹറൂഫ് തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ച ഉള്‍പ്പെടെയുള്ള ആറ് കേസുകളിലും പ്രതിയാണ്. എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്ന് നല്‍കിയാണ് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതില്‍ പ്രധന പങ്ക് വഹിച്ചത് തൈസീറാണെന്നാണ് പോലീസ് പറയുന്നത്. പൊവ്വല്‍ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അസ്കര്‍ എന്ന ഷഫീഖ് (28), അനഫ് എന്ന അനീസ് (26) എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. ഇതോടെ പോലീസിന്റെ പിടിയിലായവരുടെ എണ്ണം നാലായി.
പൊവ്വലിലെ 14-കാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. പോക്സോ നിയമപ്രകാരമുള്ള കേസില്‍ പ്രതികളായ മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായ എസ്.എം.മുഹമ്മദ് കുഞ്ഞി, പൊവ്വലിലെ തന്നെ ദില്‍ഷാദ് എന്നിവര്‍ ഒളിവിലാണ്. ഇവര്ക്കുക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം., യു.ഡി.എഫ്., ജനാധിപത്യ മഹിളാ അസോസിയേഷന് തുടങ്ങിയ സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയിരുന്നു.