IndiaNEWS

അറിവില്ലെങ്കിലും നടിക്കും, ശാസ്ത്രജ്ഞരെ ശാസ്ത്രം പഠിപ്പിക്കും; മോദിയെ പരിഹസിച്ച് രാഹുല്‍

ലോസ് ഏഞ്ചല്‍സ്: ബി.ജെ.പി ഇന്ത്യയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ദേശീയ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയുമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള എല്ലാ ഉപകരണങ്ങളേയും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്നും രാഹുല്‍ ആരോപിച്ചു. കാലിഫോര്‍ണിയയിലെ പൊതുപരിപാടിയില്‍ ഇന്ത്യന്‍ വംശജരുമായി സംവദിക്കവെയാണ് രാഹുല്‍ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചത്.

മോദിക്ക് ഒന്നിനെ കുറിച്ചും അറിവില്ലെങ്കിലും എല്ലാത്തിലും അറിവുണ്ടെന്ന് നടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ‘ചിലര്‍ ദൈവത്തേക്കാളേറെ അറിവുണ്ടെന്ന് ധരിക്കുന്നവരാണ്. ഇവര്‍ ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രത്തെ കുറിച്ച് പറഞ്ഞു കൊടുക്കും. ചരിത്രകാരന്മാരോട് ചരിത്രത്തെ പറ്റി പറയും. സൈനികരോട് യുദ്ധമുറകളെ കുറിച്ചും വ്യോമസേനയോട് പറക്കുന്നതിനെ പറ്റിയും വിശദീകരിക്കും. എന്നാല്‍ ഇവര്‍ക്ക് ഒന്നിനെക്കുറിച്ചും യാതൊരു അറിവുമില്ല. അത്തരത്തിലൊരാളാണ് നമ്മുടെ പ്രധാനമന്ത്രി’. – രാഹുല്‍ പറഞ്ഞു. മോദിയെ ദൈവത്തോടൊപ്പം ഇരുത്തിയാല്‍ പ്രപഞ്ചം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോകത്ത് സംഭവിക്കുന്നതെന്താണെന്നും മോദി ദൈവത്തിന് പറഞ്ഞ് കൊടുക്കുമെന്നും അത് കേട്ട് ദൈവം പോലും ആശയക്കുഴപ്പത്തിലാകുമെന്നും രാഹുല്‍ പരിഹസിച്ചു.

Signature-ad

പൊതു പരിപാടികളുള്‍പ്പടെ ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും ബി.ജെ.പിയുടെ നിയന്ത്രണത്തിലാണെന്നും ഇന്ത്യയില്‍ ഇപ്പോള്‍ രാഷ്ടീയം സംസാരിക്കാന്‍ വേദികളില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അങ്ങനെയൊരു സാഹചര്യത്തിലാണ് ജനങ്ങളോട് സംവദിക്കാന്‍ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ജോഡോ യാത്ര തകര്‍ക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തു നിന്ന് ഗൂഢ നീക്കങ്ങളുണ്ടായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വിലക്കയറ്റം, തൊഴിലിലായ്മ, വിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാനും അവ പരിഹരിക്കാനും മോദി സര്‍ക്കാരിനു കഴിയുന്നില്ലെന്നും അതിനാലാണ് ചെങ്കോലിനെ കുറിച്ച് സംസാരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

ആറു ദിവസത്തെ സന്ദര്‍ശനത്തിന് യു.എസിലെത്തിയതാണ് രാഹുല്‍. ജൂണ്‍ നാലിന് ന്യൂയോര്‍ക്കില്‍ വെച്ചുള്ള പൊതു സമ്മേളനത്തോടെയാകും യാത്ര അവസാനിക്കുക.

 

 

Back to top button
error: