KeralaNEWS

യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ കെഎസ്ആർടിസി കണ്ടക്ടർമാർ; വിജിലൻസ് പരിശോധനയിൽ കുടുങ്ങിയത് ഒന്നിലേറെപേർ

പത്തനംതിട്ട:കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ കുറഞ്ഞ നിരക്ക് ഈടാക്കി കണ്ടക്ടര്‍മാര്‍ യാത്ര അനുവദിക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ അന്വേഷണത്തില്‍ ടിക്കറ്റ് നല്‍കാതെ പണം പോക്കറ്റിലാക്കിയ എം പാനല്‍ കണ്ടക്ടറെ കയ്യോടെ പിടികൂടി.ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ എം.പാനല്‍ കണ്ടക്ടര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

 

Signature-ad

കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേയ്ക്കുള്ള യാത്രക്കാരനില്‍ നിന്ന് 133 രൂപയുടെ ടിക്കറ്റ് നല്‍കാതെ 100രൂപ വാങ്ങി കീശയിലാക്കിയ കണ്ടക്ടറാണ് പരിശോധനയില്‍ കുടുങ്ങിയത്. പെരുമ്ബാവൂരില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കാരനെയും ടിക്കറ്റ് നല്‍കാതെ പണം വാങ്ങി യാത്ര ചെയ്യാൻ അനുവദിച്ചു. തെക്കൻ ജില്ലകളില്‍ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസുകളിലാണ് സ്ഥിരം യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മിലുള്ള ഒത്തുകളി നടക്കുന്നതെന്ന് വിജിലൻസിന്റെ പരിശോധനയില്‍ കണ്ടെത്തി.

ബസില്‍ കയറ്റുന്ന ലഗേജുകളുടെ ചാര്‍ജിന്റെ കാര്യത്തിലും വൻ തിരിമറി നടക്കുന്നുണ്ട്. പതിനഞ്ച് മുതല്‍ മുപ്പത് കിലോ വരെ ഭാരമുള്ള ലഗേജിന് ഉടമയുടെ ടിക്കറ്റിന്റെ പകുതി ചാര്‍ജ് ഈടാക്കണമെന്നാണ് ചട്ടം. മുപ്പത് കിലോയ്ക്ക് മുകളില്‍ മുഴുവൻ ചാര്‍ജും ഈടാക്കണം. അടുത്തിടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തിന് പോയ സ്വിഫ്റ്റ് ബസിലെ യാത്രക്കാരന്റെ ലഗേജിന് ടിക്കറ്റ് നല്‍കാതെ പണം ഈടാക്കിയ സംഭവം പിടിക്കപ്പെട്ടു. കണ്ടക്ടറെ അന്ന് താക്കീത് ചെയ്തിരുന്നു.
സ്വിഫ്റ്റ് സര്‍വീസുകള്‍ക്ക് വൻ നഷ്ടമുണ്ടാക്കുന്ന ഇത്തരം വെട്ടിപ്പുകള്‍ക്കെതിരെ നടപടിയെടുക്കാൻ കെ.എസ്. ആര്‍.ടി.സിയുടെ വിജിലൻസ് വിഭാഗം പരിശോധന തുടരുകയാണ്.

Back to top button
error: