ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ, ഹോമ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പൂജ.
പൂര്‍ണകുംഭം നല്കി പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും പൂജാ ചടങ്ങുകളില്‍ സംബന്ധിച്ചു. ഇതിനുശേഷം ഇന്നലെ തലസ്ഥാനത്തെത്തിച്ച ചെങ്കോലില്‍ പ്രധാനമന്ത്രി നമസ്കരിച്ചു. തിരുവാവടുതുറൈ പുരോഹിതര്‍ ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി. ചെങ്കോല്‍ പ്രാര്‍ത്ഥനാപൂര്‍വം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു.
#WATCH | The 'Sengol' was consecrated amid Vedic chanting by Adheenams before its installation in the new Parliament building pic.twitter.com/lbYgDwZxkR
— ANI (@ANI) May 28, 2023
ലോക്സഭ ഹാളില്‍ പ്രധാനമന്ത്രി നിലവിളക്കു തെളിയിച്ചു. തുടര്‍ന്ന് നരേന്ദ്രമോദി ശിലാഫലകം ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനു ശേഷം സര്‍വമത പ്രാര്‍ത്ഥന.
സര്‍വമത പ്രാര്‍ത്ഥനയ്ക്ക്ശേഷം പ്രധാനമന്ത്രി മടങ്ങും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി വീണ്ടും പാര്‍ലമെന്റ് മന്ദിരത്തിലെത്തിച്ചേരും. തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രസംഗം. ഇതിനു പിന്നാലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിക്കും. ഇതിനുശേഷം പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുതിയ 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കും.
#WATCH | PM Modi receives blessings of seers of different Adheenams from Tamil Nadu after the installation of the 'Sengol' in the new Parliament building in Delhi pic.twitter.com/Hex1LaWA8X
— ANI (@ANI) May 28, 2023
പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരം സമര്‍പ്പണ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പം കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് വൈകിട്ട് മൂന്നു മണി വരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.