പമ്മന്റെ നോവൽ, തോപ്പിൽ ഭാസിയുടെ തിരക്കഥ; കെ.എസ് സേതുമാധവന്റെ ‘ചട്ടക്കാരി’ വന്നിട്ട് ഇന്ന് 49 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഹിന്ദുവിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടാവുന്ന കുഞ്ഞ് ഭാരതീയനായി വളരണമെന്ന സന്ദേശവുമായി വന്ന ‘ചട്ടക്കാരി’ക്ക് 49 വയസ്സായി. പമ്മന്റെ നോവലിനെ അടിസ്ഥാനമാക്കി തോപ്പിൽ ഭാസി തിരക്കഥയെഴുതി കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ഈ ബമ്പർ ഹിറ്റ് 1974 മെയ് 10 നാണ് പ്രദർശനത്തിനെത്തിയത്. ആംഗ്ളോ ഇന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. അഴിഞ്ഞാട്ടക്കാരിയെന്ന് സമൂഹം മുദ്ര കുത്തിയ അല്പവസ്ത്രധാരിണിയായ നായികയെ അവതരിപ്പിച്ചത് തെലുഗു നിർമ്മാതാവിന് തമിഴ് നടിയിലുണ്ടായ മകൾ ലക്ഷ്‌മിയാണ്. ഈ ചിത്രത്തോടെ ലക്ഷ്‌മി സിനിമയിൽ ഒഴിവാക്കാനാവാത്ത സ്ഥാനം നേടി. പുറമേ ‘ചട്ടക്കാരി’യുടെ ഹിന്ദി (ജൂലി), തെലുഗു റീമേയ്ക്കുകളിലും നായികയായി.
നാട്ടുകാർ സായിപ്പ് എന്ന് വിളിക്കുന്ന മോറിസിന്റെ (അടൂർ ഭാസി) മകളാണ് ജൂലി (ലക്ഷ്മി). കൂട്ടുകാരിയായ ഉഷയുടെ (സുജാത) സഹോദരനുമായി (മോഹൻ ശർമ്മ) ‘മന്ദസമീരനും’ ‘ഓ മൈ ജൂലി’യും പാടി നടന്ന് ജൂലി ഗർഭിണിയായി. ജൂലിക്ക് ജോലി കിട്ടിയെന്ന് നുണ പറഞ്ഞ് അമ്മ (സുകുമാരി) ദൂരെ ബന്ധുവിന്റെ അടുക്കൽ കൊണ്ടുപോയി പ്രസവിപ്പിക്കാനും കുഞ്ഞിനെ അനാഥാലയത്തിൽ താമസിപ്പിക്കാനുമുള്ള സൗകര്യമുണ്ടാക്കി കൊടുക്കുന്നു. സാക്ഷാൽ സ്വദേശം ഇംഗ്ലണ്ടാണെന്ന് പണ്ടേ വിശ്വസിച്ചു പോന്ന അമ്മ കുടുംബത്തെ കൂട്ടി വിദേശയാത്രക്ക് ഒരുങ്ങവേ ജൂലിയുടെ കൂട്ടുകാരി ഉഷയുടെ വീട്ടിൽ (അതായത് മുൻകാമുകന്റെ വീട്ടിൽ) ചെല്ലേണ്ടി വരികയും അവിടെ മകന്റെയാണെന്ന അഭിമാനത്തോടെ വളർത്തുന്ന കുഞ്ഞിനെ കാണുകയും ചെയ്യുന്നു. മുൻ കാമുകനെ ഇനി ഭർത്താവായി സ്വീകരിക്കണമെന്നും കുഞ്ഞ് ഭാരതീയനായി വളരണമെന്നുമാണ് കാരണവരുടെ (ശങ്കരാടി) കാഴ്‌ചപ്പാട്.
രണ്ട് വിഭിന്ന സംസ്‌കാരങ്ങളുടെ സമന്വയം എന്ന രീതിയിൽ ഈ കഥയെ എഴുപതുകളിലെ പ്രേക്ഷകർ സ്വീകരിച്ചു. ഒരർത്ഥത്തിൽ ‘ചട്ടക്കാരി’ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള കൈകോർക്കലുമാണ്.
‘ചട്ടക്കാരി’യിലൂടെ ലക്ഷ്മി മികച്ച നടിക്കും അടൂർ ഭാസി മികച്ച നടനുമുള്ള സംസ്ഥാന അവാർഡ്കൾ നേടി.
ഗാനങ്ങളായിരുന്നു മറ്റൊരാകർഷണം (വയലാർ-ദേവരാജൻ). ‘യുവാക്കളേ യുവതികളേ’, ‘മന്ദസമീരനിൽ’, ‘ജൂലീ’, ‘നാരായണായ നമഃ’ എന്നീ ഹിറ്റുകളെക്കൂടാതെ ഉഷാ ഉതുപ്പ് രചിച്ച്, സംഗീതം നൽകി ആലപിച്ച ഇംഗ്ലീഷ് ഗാനവുമുണ്ടായിരുന്നു.
മഞ്ഞിലാസിന്റെ ബാനറിൽ എം ഓ ജോസഫായിരുന്നു നിർമ്മാണം. ചിത്രത്തിലെ നടൻ മോഹൻ ശർമ്മയെ ലക്ഷ്‌മി വിവാഹം കഴിച്ചു. അതിനും മുൻപത്തെ ബന്ധത്തിലെ മകളാണ് നടി ഐശ്വര്യ ലക്ഷ്‌മി.
കെ എസ് സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവൻ 2012 ൽ ‘ചട്ടക്കാരി’യെ വീണ്ടും ചട്ടയണിയിച്ചു. പുതിയ ചട്ടക്കാരി ഷംന കാസിം ആയിരുന്നു. നിർമ്മാണം സുരേഷ്‌കുമാർ.