NEWSWorld

ദുബൈയില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

ദുബൈ: ദുബൈയിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അൽ അവീറിലെ അൽ ഖബായിൽ സെന്ററിലുണ്ടായ തീപിടുത്തത്തിനിടെയായിരുന്നു സംഭവം. സെർജന്റ് ഒമർ ഖലീഫ സലീം അൽ കിത്‍ബി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്.

ഉച്ചയ്ക്ക് 12.32ന് ആണ് തീപിടുത്തം സംബന്ധിച്ച് സിവിൽ ഡിഫൻസിന് വിവരം ലഭിച്ചത്. 12.38ന് തന്നെ അൽ മിസ്‍ഹർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് റാഷിദിയ ഫയർ സ്റ്റേഷനിൽ നിന്നും നാദ് അൽ ഷെബ ഫയർ സ്റ്റേഷനിൽ നിന്നും അധിക യൂണിറ്റുകളെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കവെ രാത്രി 7.20ഓടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. ഈ അപകടത്തിലാണ് അൽ കെത്ബിക്ക് ജീവൻ നഷ്ടമായത്.

Signature-ad

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ കുടുംബത്തെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈയിലെ ഒന്നാം ഉപഭരണധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനിടെ ജീവൻ ബലി നൽകേണ്ടിവന്ന അൽ കെത്‍ബിയെ രക്തസാക്ഷിയെന്നാണ് ദുബൈ ഭരണാധികാരികൾ അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചത്.

Back to top button
error: