തൃശൂര്‍: അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കൊല്ലപ്പെട്ട ആതിരയുടെ മൃതദേഹത്തില്‍ നിന്നും പ്രതി അഖില്‍ സ്വര്‍ണ മാല മോഷ്ടിച്ചു. ഇത് അങ്കമാലിയില്‍ സ്വകാര്യ വ്യക്തിയുടെ അടുത്ത് പണയം വച്ചെന്ന് അഖില്‍ മൊഴി നല്കി. കഴിഞ്ഞദിവസമാണ് തുമ്പൂര്‍മുഴി വനമേഖലയില്‍ കാലടി സ്വദേശി ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്ത് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പിന്നാലെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ചെന്ന റിപ്പോര്‍ട്ട്. ആതിരയുടെ ദേഹത്ത് ഉണ്ടായിരുന്ന ഒന്നര പവന്റെ മാലയാണ് കൊലപാതകത്തിന് പിന്നാലെ പ്രതി കവര്‍ന്നത്.
മൃതദേഹത്തില്‍ നിന്ന് കവര്‍ന്ന മാല അങ്കമാലിയില്‍ പണയംവെച്ചുവെന്നാണ് വിവരം. കേസില്‍ അഖിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പോലീസ്. ആതിരയില്‍ നിന്നും ആഭരണങ്ങള്‍ കൈക്കലാക്കിയത് പോലെ കൂടുതല്‍ സ്ത്രീകളില്‍ നിന്നും അഖില്‍ പണമോ സ്വര്‍ണ്ണമോ വാങ്ങിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അഖിയേട്ടന് എന്ന പ്രൊഫൈലിലൂടെ അറിയപ്പെടുന്ന വ്യക്തിയാണ് ഇയാള്‍. റീല്‍സ് താരമായ അഖിലിന് 11,000ത്തിലധികം ഫോളോവര്‍മാരുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന അഖിലും ആതിരയും തമ്മില്‍ ആറുമാസത്തെ അടുപ്പമുണ്ടായിരുന്നു. പണയം വയ്ക്കാന്‍ നല്കിയ സ്വര്‍ണം തിരികെ ചോദിച്ചതോടെയാണ് യുവതിയെ വകവരുത്താന്‍ അഖില്‍ തീരുമാനിക്കുന്നത്. അതിരപ്പിള്ളിയിലേക്ക് ടൂര്‍ പോകാമെന്ന വ്യാജേന ആതരയെ കാറില്‍ കയറ്റി തുമ്പൂര്‍ മുഴി വനത്തില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഏപ്രില്‍ 29ന് കാലടി കാഞ്ഞൂരില്‍ നിന്നാണ് ആതിരയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ മൃതദേഹം വനത്തില്‍ കണ്ടെത്തുകയായിരുന്നു. അഖിലിനെ ചോദ്യം ചെയ്തതില്‍ നിന്നും ഗൂഢാലോചനയുടെ വിവരങ്ങളും പുറത്തുവന്നു. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യയാണ് ആതിര. കൊലപാതകത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ആതിരയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന് സ്വര്‍ണ്ണാഭരണം കാണാതായെന്നും വ്യക്തമായി. പ്രതി അഖിലും വിവാഹിതനാണ്.