ഇടുക്കി: രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതികളായ അമ്മയും മകളും ഒളിവില്‍. തൊടുപുഴ ഇഞ്ചിയാനി സ്വദേശികളായ മില്‍ക്ക, മകള്‍ അനീറ്റ എന്നിവരാണ് ഒരാഴ്ചയിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നത്. ഇരുവരും ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു വരികയാണെന്നും പോലീസിനു വിവരം ലഭിച്ചു.
ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടന് (44) നേരെയാണ് കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരുടെ അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയുമാണെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളും പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചേരാനല്ലൂര്‍ അമ്പലക്കടവ് ചൂരപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 26 നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നു വരികയായിരുന്ന ഓമനക്കുട്ടനെ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലുകൊണ്ടിടിച്ചു പരുക്കേല്‍പിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്താണ് പ്രതികള്‍ കടന്നത്.
അയല്‍വാസികളായ മില്‍ക്കയും ഓമനക്കുട്ടനുമായി നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നു. ഇതോടെ അനീറ്റയുടെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നു ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചു. മില്‍ക്കയുടെ എറണാകുളം സ്വദേശിയായ നാലാം ഭര്‍ത്താവു മുഖേനയാണ് ക്വട്ടേഷന്‍ സംഘവുമായി ഇവര്‍ ബന്ധപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഇരുവരും ഒളിവില്‍ പോയത്.