ലോൺ ആപ്പുകളിൽ നിന്ന് പണം കടമെടുത്തു, ഭീഷണി വന്നതോടെ ആ പണം വീട്ടാൻ ബ്ലേഡ് പലിശക്കാരന്റെ കയ്യിൽ നിന്ന് പണം വാങ്ങി, വടകരയിൽ നിന്ന് കാണാതായ വിഷ്ണു അമ്മാവന്റെ അടുത്തെത്തി

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് വടകരയിൽനിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ 13-ാം തിയതി മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. യുവാവ് ലോൺ ആപ്പുകളിൽനിന്ന് വിഷ്ണു പണം കടമെടുത്തിരുന്നു. ഈ കടം തീർക്കുന്നതിനായി പിന്നീട് ബ്ലേഡ് പലിശക്കാരിൽനിന്ന് പണം വാങ്ങേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ഭീഷണികളുമാണ് വിഷ്ണുവിനെ വീടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഭീഷണിയെ തുടർന്ന് നാടുവിടാനിറങ്ങിയ വിഷ്ണു നേത്രാവതി എക്സ്പ്രസ്സിൽ യാത്രചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് അമ്മയോടും അനിയനോടും സംസാരിച്ചിരുന്നു. താൻ ഇപ്പോൾ വീട്ടിലേക്ക് വരുന്നില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി, ആർപിഎഫ് ഉദ്യോഗസ്ഥനായ അമ്മാവന്റെ അടുത്തേക്ക് പോകാമെന്ന് വിഷ്ണു സമ്മതിച്ചു.
ഇതിനിടെ കാസർകോട് മേഖലയിൽ പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടെയാണ് വിഷ്ണു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ അമ്മാവൻ വിഷ്ണുവിനെ നേരിൽ കണ്ടു. പയ്യന്നൂരിൽനിന്ന് വിഷ്ണുവിനെ ഉടൻതന്നെ വടകര പോലീസ് സ്റ്റേഷനിലെത്തിക്കും.





