Breaking NewsLead NewsSports

ചെന്നൈയെ തോൽപിക്കാൻ സൺറൈസേഴ്സ് പുറത്തെടുത്തത് കൂടോത്രം… കയ്യിൽ ഒരു ചെറു നാരങ്ങ, മന്ത്രങ്ങളുരുവിട്ട് തലയ്ക്കു ചുറ്റും ചുഴറ്റി ​ഗ്യാലറിയിലിരുന്ന് ദുബെയ്ക്ക് നേരെ നീട്ടുന്നു, പൊടുന്നനെ ദുബെയുടെ കുറ്റി തെറിക്കുന്നു, സിഎസ്കെ ആരാധകന്റെ ബ്ലാക്ക് മാജിക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു- വീഡിയോ

ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ, അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പത്തു റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സ് തോൽവി വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ചെന്നൈയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ബാറ്റിങ്ങിന്റെ തുടക്കത്തിൽ സഞ്ജു സാംസൺ (3 പന്തിൽ 7) വീണതോടെ ചെന്നൈയുടെ താളം തെറ്റുകയായിരുന്നു. ആഞ്ഞടിച്ച് സ്കോറുയർത്തിയ ആയുഷ് മാത്രെയെയും (13 പന്തിൽ 30) ഋതുരാജ് ഗെയ്‌ക്‌വാദിനെയും (13 പന്തിൽ 10) പവർപ്ലേയ്ക്കുള്ളിൽ പുറത്താക്കിയ ഹൈദരാബാദ് മത്സരത്തിൽ 8.5 ഓവറിൽ 100 കടന്ന മത്സരത്തിൽ പിന്നീട് ചെന്നൈ അടിക്കാൻ പോലുമാകാതെ വലയുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. മാത്യു ഷോർട് (30 പന്തിൽ 34), സർഫറാസ് ഖാൻ (19 പന്തിൽ 25), ശിവം ദുബെ (16 പന്തിൽ 21) എന്നിവർക്കും കൂടുതൽ നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. ഇതിനിടെ യുവതാരം ആയുഷ് മാത്രെയ്ക്ക് പരുക്കുമറ്റുകയും ചെയ്തു. വരും മത്സരങ്ങളിൽ ആയുഷിന് കളിക്കാനാവില്ലെന്നാണ് സൂചന.

Signature-ad

ചെന്നൈയുടെ ബാറ്റിങ്ങിനിടെ ഗാലറിയിലിരുന്ന് ഒരു ആരാധകൻ ചെയ്ത കൂടോത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ‘ബ്ലാക് മാജിക്’ എന്ന പേരിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ചർച്ചകളും കൊഴുത്തുതുടങ്ങി. 17-ാം ഓവർ എറിയാൻ സാക്കിബ് ഹുസൈൻ തയാറെടുക്കുമ്പോഴാണ് സംഭവം. ഒരു ഹൈദരാബാദ് ആരാധകൻ കയ്യിലൊരു ചെറുനാരങ്ങയും പിടിച്ച് തലയ്ക്കും മുഖത്തും ചുഴറ്റി, എന്തോ മന്ത്രിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ക്യാമറ മൈതാനത്തേയ്ക്കു തിരിഞ്ഞപ്പോൾ സാക്കിബ് ഹുസൈൻ എറിഞ്ഞ പന്തിൽ ദുബെയുടെ കുറ്റി തെറിക്കുന്നതാണ് കാണുന്നത്. ഷോർട്ട് ബോൾ പ്രതീക്ഷിച്ചു നിന്ന ദുബെയെ ഞെട്ടിച്ച് ഫുൾ ലെങ്ത് ബോളെറിഞ്ഞാണ് സാക്കിബ് ഹുസൈൻ വിക്കറ്റെടുത്തത്.

ദുബെയുടെ വിക്കറ്റ് വീണതിന് പിന്നാലെ ആരാധകൻ തൻറെ ‘കൂടോത്രം’ ഫലിച്ചതിൽ തുള്ളിച്ചാടുന്നതും അട്ടഹസിക്കുന്നതും വീഡിയോയിൽ കാണാം. തമാശരീതിയിലാണ് ആദ്യം വീഡിയോ പ്രചരിച്ചതെങ്കിലും പിന്നീട് കാര്യം ഗൗരവമായി. ശിവം ദുബെ വീണത് സാക്കിബിൻറെ ബോളിങ് മികവിലല്ല, മറിച്ച് ഈ ‘നാരങ്ങ കൂടോത്ര’ത്തിലാണെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ഈ സംഭവത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റിന്റേതെന്ന പേരിൽ ബിസിസിഐയ്ക്ക് അയച്ച ഒരു പരാതിക്കത്തും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബ്ലാക്ക് മാജിക് ചെന്നൈ താരങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയെന്നും വിക്കറ്റുകൾ വീഴാൻ കാരണമായെന്നുമാണ് കത്തിൽ പറയുന്നത്. എന്നാൽ ഇതു വ്യാജമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: