കാസര്‍ഗോട്: പൂച്ചക്കാട് സ്വദേശിയും ഗള്‍ഫിലെ വ്യാപാരിയുമായ അബ്ദുല്‍ ഗഫൂറിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണ മെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയും രംഗത്ത്. മരണത്തിലെ ദുരൂഹതയെ തുടര്‍ന്നു പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. മരണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മന്ത്രവാദിനിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പ്രവാസി വ്യവസായിയുടെ മൃതദേഹം വ്യാഴാഴ്ച കബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുള്ള പോലീസ് സര്‍ജന്‍ ഡോ. എസ് ആര്‍ സരിതയുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. കാഞ്ഞങ്ങാട് ആര്‍ഡിഒ കൂടിയായ സബ് കളക്ടര്‍ സൂഫിയാന്‍ അലി അഹമ്മദ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്.
രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷം അതേ കബറിടത്തില്‍ മൃതദേഹം മറവ് ചെയ്തു. ശരീരത്തില്‍ നിന്നെടുത്ത ഒന്നിലേറെ സാമ്പിളുകള്‍ കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം വന്നാലേ മരണകാരണം അറിയാനാകൂവെന്ന് ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ പറഞ്ഞു.
ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് വീട്ടില്‍ ഗഫൂര്‍ ഹാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിലയില്‍ ബന്ധുക്കള്‍ മൃതദേഹം കബറടക്കിയെങ്കിലും പിന്നീട് ചില സംശയം തോന്നി ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പുവരെ ഇദ്ദേഹം പലരില്‍ നിന്നായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതായി പറയപ്പെടുന്നു. സ്വര്‍ണം കടമായി വാങ്ങിയെന്ന് ചില ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. ഷാര്‍ജയില്‍ ഒന്നിലേറെ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമയാണ് ഗഫൂര്‍ ഹാജി.