CrimeNEWS

പന്ത്രണ്ടുവയസുകാരന്റെ കൊലപാതകം; ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം

കോഴിക്കോട്: കൊയിലാണ്ടിയില്‍ 12 വയസുള്ള കുട്ടിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഇന്ന് ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതി താഹിറയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോഴിക്കോട് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കൊലപാതകത്തില്‍ ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം നടന്നു എന്നാണ് കണ്ടെത്തല്‍.

ഏപ്രില്‍ 17 നാണ് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിഫായി കൊല്ലപ്പെടുന്നത്. പിതാവിന്റെ സഹോദരി താഹിറ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ച സംഭവം പിന്നീട് കൊലപാതകമാണെന്നു തെളിഞ്ഞു. മാരക രാസവസ്തുവാണ് കുട്ടിയുടെ വയറ്റിലെത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. അരിക്കുളത്തെ അതേ കടയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റാര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായില്ല എന്നതും സംശയം വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയത്. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്നെ പോലീസിനു സംശയമുണ്ടായിരുന്നു. ഇവരാണ് കുട്ടി കഴിച്ച ഐസ്‌ക്രീം അരിക്കുളത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയത്.

Signature-ad

താഹിറ നല്‍കിയ മൊഴിയിലെ വൈരുധ്യമാണ് പോലീസിനു കാര്യങ്ങള്‍ എളുപ്പമാക്കിയത്. താഹിറ പേസ്റ്റ് രൂപത്തിലുള്ള എലി വിഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈലില്‍ സെര്‍ച് ചെയ്തതു പോലീസ് കണ്ടെത്തിയിരുന്നു. ഐസ്‌ക്രീം വാങ്ങിയ ശേഷം താന്‍ നേരെ സഹോദരന്‍ മുഹമ്മദലിയുടെ വീട്ടിലേക്ക് പോയി എന്നാണ് താഹിറ പോലീസിന് മൊഴി നല്‍കിയത്. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോള്‍ അത് കള്ളമാണെന്നു വ്യക്തമായി.

ഐസ്‌ക്രീം വാങ്ങി സ്വന്തം തറവാട്ടു വീട്ടിലേക്ക് പോയ താഹിറ അരമണിക്കൂറോളം കഴിഞ്ഞാണ് അവിടെ നിന്ന് മുഹമ്മദലിയുടെ വീട്ടിലേക്ക് പോയത്. ഒടുവില്‍ കുറ്റം സമ്മതിച്ച താഹിറ സഹോദരന്റെ ഭാര്യയോടുള്ള മുന്‍ വൈരാഗ്യമാണ് ഇത് ചെയ്യാന്‍ കാരണമെന്നു തുറന്നു പറഞ്ഞു. താഹിറ വാങ്ങി നല്‍കിയ ഐസ്‌ക്രീം രിഫായി മാത്രമാണ് കഴിച്ചത്. മാതാവും 2 സഹോദരങ്ങളും ഈ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. ലൈബ്രറി സയന്‍സ് ബിരുദധാരിയായ താഹിറയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നും പോലീസ് പറയുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: