KeralaNEWS

സുഡാന്‍ രക്ഷാദൗത്യം: ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കാന്‍ വി മുരളീധരന്‍ ജിദ്ദയില്‍

തിരുവനന്തപുരം: യുദ്ധഭൂമിയായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ‘ഓപ്പറേഷന്‍ കാവേരിക്ക്’ നേതൃത്വം നല്‍കാന്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് യാത്ര. ഇന്ന് രാവിലെ മുരളീധരന്‍ ജിദ്ദയിലെത്തും.
ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ INS സുമേധ സുഡാന്‍ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനില്‍ എത്തിച്ചു കഴിഞ്ഞു.
വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏല്‍പ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയില്‍ ആണ് പ്രഖ്യാപിച്ചത്. സുഡാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്ന് വിദേശമന്ത്രാലയം അറിയിച്ചു.

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് മറ്റ് രാജ്യക്കാരുടെ സഹായത്തോടെയും പുരോഗമിക്കുന്നുണ്ട്. നേരത്തേ മൂന്ന് ഇന്ത്യക്കാരെ സൗദി അറേബ്യയും അഞ്ച് ഇന്ത്യക്കാരെ ഫ്രാന്‍സും ഒഴിപ്പിച്ചിരുന്നു. തലസ്ഥാനമായ ഖാര്‍ത്തൂമിലടക്കം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസംഘടനയുടെയും സഹായം തേടിയിട്ടുണ്ട്

Signature-ad

താരതമ്യേന സംഘര്‍ഷം കുറഞ്ഞ മേഖലകളിലുണ്ടായിരുന്നവരാണ് തിങ്കളാഴ്ച പോര്‍ട്ട് സുഡാനില്‍ എത്തിയത്. 28 രാജ്യങ്ങളില്‍നിന്നുള്ള 388 പേരെ ഫ്രഞ്ച് വ്യോമസേന സുഡാനില്‍നിന്ന് ഫ്രാന്‍സിന്റെ സൈനികത്താവളമായ ഡിജിബൗത്തിയില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ഇന്ത്യക്കാരുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളടക്കം പല വിദേശ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.

Back to top button
error: