രാജീവ് ചന്ദ്രശേഖർ, പിണറായി, എം വി ഗോവിന്ദൻ, ബിനോയ് വിശ്വം കെസി വേണുഗോപാൽ…രാഷ്ട്രീയ എതിർ ചേരി നേതാക്കളെല്ലാം ഒരുമിച്ച് മുൻ നിരയിൽ… വിഡിഎസ് സത്യപ്രതിജ്ഞ, ചടങ്ങുകൾക്ക് തുടക്കം

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തി. ഉടൻ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്.
വി.ഡി.എസ് മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കാനിരിക്കെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് സെൻട്രൽ സ്റ്റേഡിയം. സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും പ്രതിപക്ഷ നേതാവ് പിണറായിക്കും മുൻ നിരയിൽ തന്നെ സീറ്റ് ഒരുക്കിയത് വേറിട്ട കാഴ്ചയാവുന്നു. അവരോടൊപ്പം എം വി ഗോവിന്ദൻ, ബിനോയ് വിശ്വം തുടങ്ങിയ നേതാക്കളും മുൻനിരയിൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
അതേസമയം കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്ലക്സുകളുമായി പ്രവർത്തകരുടെ വൻ നിരതന്നെ പുറത്ത് എത്തിയിരിക്കുന്നത്. പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പാസ് ഉള്ളവരെ മാത്രമാണ് ബാരിക്കേഡ് കടത്തിവിടുന്നത്.






