പ്രണയാഭ്യർഥന നിരസിച്ച യുവതിയെ നടുറോഡിലിട്ട് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ആൾക്കൂട്ട ആക്രമണത്തിൽ യുവാവും കൊല്ലപ്പെട്ടു

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ നടുറോഡിലിട്ട് യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. പ്രതിയായ യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ജഡ്ചേർലയിലാണ് സംഭവം. ജഡ്ചേർലയിലെ സ്വകാര്യസ്‌കൂളിൽ റിസപ്ഷനിസ്റ്റായ വൈ. വൈഷ്ണവി (21)യെയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് നടുറോഡിൽവെച്ചായിരുന്നു സംഭവം.
പ്രതിയായ യുവാവ് വൈഷ്ണവിയോ പലതവണ പ്രണയാഭ്യർഥനയും നടത്തിയിരുന്നു. എന്നാൽ, യുവതി ഇതെല്ലാം നിരസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. സംഭവ ദിവസം വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വൈഷ്ണവിക്ക് നേരേ ആക്രമണമുണ്ടായത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്തുടർന്നെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവതിയെ കഴുത്തറത്ത് പരുക്കേൽപ്പിച്ച പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാനും ശ്രമിച്ചു.
എന്നാൽ നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടി. പിന്നാലെ കൈയും കാലും കെട്ടിയിട്ടശേഷം മർദിച്ചു. ആൾക്കൂട്ട മർദനത്തിൽ മാരകമായി പരുക്കേറ്റ പ്രതിയെ പിന്നീട് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
അതേസമയം പ്രതിയുടെ പേര് തേജ എന്നാണെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ, ഇയാളുടെ തിരിച്ചറിയൽ കാർഡുകളോ മൊബൈൽഫോണോ സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിയായ യുവാവും കൊല്ലപ്പെട്ട യുവതിയും നേരത്തേ ഒരേസ്‌കൂളിൽ ജോലി ചെയ്തിരുന്നവരാണെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ഇരുവരും പരിചയത്തിലായതെന്നും പ്രതിയുടെ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നതായും പറയപ്പെടുന്നു.






