ചെന്നൈ: മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികള്‍. ഗതാഗത വകുപ്പില്‍ നിന്നു വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂര്‍ ആര്‍ഡിഒയ്ക്കു മുന്നില്‍ അപേക്ഷയുമായി എത്തിയത്. പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരന്റെ പെന്‍ഷന്‍ തുക കൊണ്ടാണ് ദമ്പതികളും ഇവരുടെ വിധവയായ മകളും മകളുടെ കുട്ടിയുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. എന്നാല്‍, സ്വത്ത് സ്വന്തമാക്കാനായി മകന്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതായാണ് പരാതി.
കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകനും മരുമകളും, സ്വത്തു വിട്ടുകൊടുത്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മരുമകളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിയുണ്ട്. മകനും മരുമകളും ചേര്‍ന്ന് കൈവശപ്പെടുത്തിയ ആഭരണങ്ങളും വീടിന്റെ രേഖകളും അടക്കമുള്ളവ തിരികെ കിട്ടാന്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യാന്‍ അനുമതി തേടിയത്.