NEWSPravasi

കുഞ്ഞുപിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചു; പിന്നാലെ യുകെയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ലണ്ടന്‍: മലയാളി യുവാവ് യുകെയിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട പുന്നവേലി സ്വദേശിയായ ഷൈജു സ്‌കറിയ ജയിംസ് (37) ആണ് മരിച്ചത്. ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഷൈജുവിന്റെ വിയോഗവാര്‍ത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടിയെത്തിയത്. നിത്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തന്നെയായിരുന്ന ഷൈജു തിങ്കളാഴ്ചയാണ് മകനെ സ്‌കൂളില്‍ വിടുന്നതിനായി വീട്ടിലേക്ക് മടങ്ങിയിരുന്നു. മകനെ സ്‌കൂളില്‍ വിട്ട ശേഷം ആശുപത്രിയില്‍ മടങ്ങിയെത്തിയ ഷൈജു ഏറെ നേരം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സമയം ചെലവിട്ടിരുന്നു.

Signature-ad

ഉച്ചയോടെ ആശുപത്രിയുടെ ശൗചാലയത്തില്‍ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താന്‍ വൈകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈജുവിന്റെ ഫോണിലേക്ക് നിത്യ പല തവണ ഫോണ്‍ ചെയ്തുവെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇവര്‍ നടത്തിയ തെരച്ചിലിലാണ് ഷൈജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് യുകെയില്‍ എത്തിയ അദ്ദേഹം നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്നു. പ്ലിമത്തില്‍ ബട്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ന്യൂറോ സര്‍ജറി യൂണിറ്റില്‍ നഴ്‌സാണ്. പുന്നവേലി മുളയംവേലി മുരിക്കനാനിക്കല്‍ ജെയിംസ് ജോസഫിന്റെയും ജോളിമ്മയുടെയും മകനാണ് ഷൈജു. മക്കള്‍: ആരവ് (5), അന്ന (4 ദിവസം).

 

Back to top button
error: