പട്ന: നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി ചിത്രീകരിച്ച ആര്‍ജെഡി പോസ്റ്ററുകളെ രൂക്ഷമായി പരിഹസിച്ച് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളല്ലെന്ന് ആര്‍ജെഡി നേതൃത്വം മനസിലാക്കണമെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ജനതാദള്‍ (യു) നേതാവായ നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ സഖ്യകക്ഷിയായ ആര്‍ജെഡിയാണ് ആവേശത്തോടെ പിന്തുണയ്ക്കുന്നത്.
ആര്‍ജെഡി ആസ്ഥാനത്തും നേതാക്കളുടെ വസതികളുടെ സമീപവുമാണ് നിതീഷ് പ്രധാനമന്ത്രി കസേരയിലിരിക്കുന്ന പോസ്റ്ററുകള്‍ പതിച്ചത്. നിതീഷിനു ചുറ്റും നേതാക്കളായ രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, എം.കെ.സ്റ്റാലിന് തുടങ്ങിയ നേതാക്കള്‍ നില്‍ക്കുന്നതായും പോസ്റ്ററിലുണ്ട്. വിവാദമായതിനു പിന്നാലെ പോസ്റ്ററുകള്‍ അപ്രത്യക്ഷമായി.
ആര്‍ജെഡിയുമൊത്തുള്ള ആദ്യ സര്ക്കാരിലേതിനേക്കാള് ദുര്‍ബലനാണു നിതീഷ് കുമാര്‍ ഇപ്പോഴെന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞു. മന്ത്രി സ്ഥാനത്തേക്ക് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ശിപാര്‍ശ ചെയ്ത നാല് എംഎല്‍എമാരുടെ പേരുകള്‍ ക്രിമിനല്‍ പശ്ചാത്തലം കാരണം നിതീഷ് നിരാകരിച്ചു. ആ നാലു പേരും ഇന്നു നിതീഷ് മന്ത്രിസഭയിലുണ്ട്.
ആര്‍ജെഡിയുടെ ജംഗിള്‍രാജ് നിതീഷിനു കീഴില്‍ ആവര്‍ത്തിക്കുകയാണ്. അധികാരം നിലനിര്‍ത്താന്‍ നിതീഷ് എന്തും ചെയ്യുമെന്ന നിലയിലായിട്ടുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. നേരത്തേ ജെഡിയുവില്‍ നിതീഷിന്െ്റ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ട നേതാവാണ് പ്രശാന്ത് കിഷോര്‍.