
കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റുരില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തി നശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിലാണ് അഗ്നിബാധയുണ്ടായത്. ശ്രീകോവില്‍ പൂര്‍ണമായി കത്തി നശിച്ച ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ പടര്‍ന്നത്. പൂരാഘോഷ പരിപാടികള്‍ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് സംഭവം. തളിപ്പറമ്പില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
സംഭവത്തിനു പിന്നിലെ കാരണത്തെ കുറിച്ചു പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രദേശത്തെ സി.സി.ടി.വി ക്യാമറ കള്‍ പരിശോധിച്ചു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അഗ്നിബാധയ്ക്കു പിന്നിലെന്ന കാര്യവും അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പാനൂര്‍ കല്ലി കണ്ടിയിലും ക്ഷേത്രത്തിന് നേരെ തീവയ്പ്പ് ശ്രമം നടന്നിരുന്നു. ഈ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.






