ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ ഉടൻ കേരളത്തിൽ എത്തിക്കുമെന്ന് ഡിജിപി, ഇയാൾ തീവ്രവാദ സംഘാഗമെന്ന് സൂചന

എലത്തൂർ ട്രെയിൻ തീവെയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്രവാദ സംഘാഗമെന്ന് നിഗമനം. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് പിടിയിലായ ഇയാളുടെ പ്രാഥമിക ചോദ്യംചെയ്യലിലാണ് ഈ സൂചന ലഭിച്ചത്. പൊള്ളലിനു ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിൽ എത്തിയ ഇയാളെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ ഷാറൂഖ് സെയ്‌ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ള ലക്ഷ്യം അന്വേഷിച്ച് വരികയാണെന്നും ഡിജിപി അനിൽ കാന്ത് വ്യക്തമാക്കി.
അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് ഗുജറാത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്.
എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നിർവഹിച്ചതെന്നാണ് ലഭ്യമായ വിവരം. ആക്രമണം പദ്ധതിയിടുമ്പോൾ ഇയാൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരമൊരു ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, അതിൽത്തന്നെ ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് പ്രതി ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള എക്സിക്യുട്ടീവ് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിട്ടത്. തീപടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനിൽനിന്ന് പരിഭ്രാന്തരായി ചാടിയ മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹ്‌റ, കോടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. ഒന്‍പതു പേര്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
റെയില്‍വേ ട്രാക്കില്‍ നിന്നും ലഭിച്ച ബാഗില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ബാഗിലുണ്ടായിരുന്ന ഡയറിയില്‍ ഷാരൂഖ് സെയ്ഫി കാര്‍പെന്ററെന്ന് എഴുതിയിരുന്നു. ഇതേ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.
റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. സംഭവശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് കിട്ടിയ കുറിപ്പ്, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നും ഇയാളെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചു.
ഞായര്‍ രാത്രി 9.30ന് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് നടുക്കുന്ന സംഭവങ്ങളുണ്ടായത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി 2 കോച്ചില്‍ നിന്ന് ഡിവണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.
എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളിച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല.
അക്രമി അപ്പോഴേക്കും ഓടി മറഞ്ഞിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഓടി. നിര്‍ത്തിയ ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് പൊള്ളലേറ്റവരെ ആംബുലന്‍സുകളിലേക്ക് മാറ്റിയത്.






