ജക്കാര്‍ത്ത: ബാലിയിലെ പാവനമായ പര്‍വതത്തിനു മുകളില്‍ കയറി നഗ്‌നനായി ഫോട്ടോയെടുത്ത റഷ്യന്‍ വിനോദസഞ്ചാരിയെ ഇന്തൊനീഷ്യ നാടുകടത്തും. യൂറിയെന്ന റഷ്യന്‍ വിനോദസഞ്ചാരിയാണ് ചിത്രം വൈറലായതിനു പിന്നാലെ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. നാടുകടത്തുന്നതിനു പുറമേ ആറ് മാസത്തേക്ക് ഇന്തൊനീഷ്യയില്‍ കടക്കുന്നതിനും യൂറിക്ക് വിലക്ക് വരും.
ഹിന്ദുക്കള്‍ പരിശുദ്ധമായി കരുതിപ്പോരുന്ന പര്‍വതമായ അഗുങിന് മുകളില്‍ കയറിയാണ് യൂറി വിവാദ ചിത്രമെടുത്തത്. ബാലിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം കൂടിയായ ഇവിടെ ദൈവങ്ങളുടെ ഇരിപ്പിടമായാണ് ഹിന്ദുമത വിശ്വാസികള്‍ കരുതിപ്പോരുന്നത്. യൂറിയുടെ പെരുമാറ്റത്തിന് ന്യായീകരണമില്ലെന്നും നിയമം ലംഘിച്ചതിന് പുറമേ ഇന്തൊനീഷ്യന്‍ സംസ്‌കാരത്തോട് തികഞ്ഞ അവമതിപ്പും പ്രകടമാക്കിയെന്നും ബാലിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതേസമയം, തന്റെ അറിവില്ലായ്മ കൊണ്ടാണ് അവിടെ നിന്നും അത്തരമൊരു ചിത്രം പകര്‍ത്തിയതെന്നും കുറ്റം സമ്മതിക്കുന്നതായും മാപ്പ് പറഞ്ഞുള്ള ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ യൂറി വ്യക്തമാക്കി. യൂറിയുടെ പ്രവൃത്തി മലയെ അശുദ്ധമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ ശുദ്ധികലശ പ്രക്രിയയിലും യൂറി പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം മധ്യബാലിയിലെ മൗണ്ട് ബാതുരിന് മുകളില്‍ നഗ്‌നനൃത്തം നടത്തിയതിനെ തുടര്‍ന്ന് കനേഡിയന്‍ അഭിനേതാവായ ജെഫ്രി ക്രെയ്ഗിനെയും നാടുകടത്തിയിരുന്നു.