വൈക്കം: ചരിത്രമുറങ്ങുന്ന വൈക്കം ക്ഷേത്രനഗരി മറ്റൊരു ചരിത്രമുഹൂർത്തത്തിന് കൂടി വേദിയായി. കേരളത്തിലെ അയിത്തജാതിക്കാർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതോടെ വൈക്കം വീണ്ടും ശ്രദ്ധാകേന്ദ്രമായി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിന് ഇന്ത്യയുടെ മണ്ണിൽ സ്ഥാനമില്ലെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായി നൂറ് വർഷം പിന്നിടുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവേദി. അവർണരുടെയും പിന്നാക്കവിഭാഗങ്ങളുടെയും അവകാശസംരക്ഷണത്തിനായി കോൺഗ്രസ് നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോൺഗ്രസ് നേതൃനിര ഒന്നടങ്കം അണിനിരന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ നിർവഹിച്ചു.
രാജ്യം ആദരവോടെ അനുസ്മരിക്കുന്ന നവോത്ഥാന പോരാട്ടത്തിന് നൂറ് വർഷം തികയുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ത്രിവർണസാഗരമായി മാറിയ വൈക്കം ബീച്ച് മൈതാനിയിലെ ടി.കെ.മാധവൻ നഗറിൽ ആയിരങ്ങളാണ് അണിനിരന്നത്. സ്ത്രീകളും കുട്ടികളും അടക്കം നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും രാവിലെ മുതൽ വൈക്കത്ത് എത്തിയ ആയിരങ്ങൾ ബീച്ച് മൈതാനിയെ ജനസാഗരമാക്കി. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ 1924 മാർച്ച് 30 -ന് ആരംഭിച്ച് 1925 നവംബർ 23 വരെ 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന പോരാട്ടമാണെന്ന് അടിവരയിട്ടുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.
മഹാത്മഗാന്ധിയുടെ പാദസ്പർശമേറ്റ വൈക്കം ബോട്ട് ജെട്ടിയിലെ തണുത്ത കായൽക്കാറ്റിൽ നൂറിന്റെ നിറവിലും വൈക്കം സത്യഗ്രഹസമരത്തിന്റെ ജ്വലിക്കുന്ന സ്മരണകൾ ഇരമ്പിയ സായാഹ്നഹ്നത്തിലാണ് കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായത്. 1925 മാർച്ച് ഒമ്പതിനാണ് മഹാത്മഗാന്ധി കൊച്ചിയിൽനിന്ന് വൈക്കത്തേക്ക് ബോട്ടുമാർഗം എത്തിയത്. ഒരു ജനതയുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവഴികളിലൂടെ പുതിയ തലമുറയ്ക്ക് നവോത്ഥാന നായകരെ പരിചയപ്പെടുത്തിയ സമ്മേളനം നൂറ് വർഷം മുൻപ് നിലനിന്നിരുന്ന സാമൂഹ്യഅനാചാരങ്ങളുടെ പേരിൽ ഒരു ജനത അനുഭവിച്ച ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളുടെ തീക്കനലുകൾ പുതിയ തലമുറയ്ക്ക് പകർന്ന് നൽകി.
അവർണസമുദായക്കാർക്ക് വൈക്കം ക്ഷേത്രത്തിനോട് ചേർന്നുള്ള പൊതുനിരത്തിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് പ്രസ്ഥാനം ഒന്നര വർഷം നടത്തിയ സമരം എല്ലാ പൊതുനിരത്തുകളും നാനാജാതിയിൽ പെട്ടവർക്കായി തുറന്നുകൊടുക്കുന്ന ഉത്തരവോടെയാണ് വിജയകരമായി പര്യവസാനിച്ചത്. നൂറ് വർഷത്തിന് അപ്പുറവും ജനമനസുകളിൽ പതിഞ്ഞുപോയ ജ്വലിക്കുന്ന സമരതീക്ഷണതയുടെ അവസാനിക്കാത്ത ജ്വാലകൾ ഏറ്റുവാങ്ങിയാണ് സമ്മേളനനഗരിയിലെ ജനസഞ്ചയം അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. വഴി നടക്കാനുള്ള സ്വാതന്ത്ര്യം പൊരുതി നേടിയ നാടായ വൈക്കത്ത് നൂറ് വർഷം മുൻപ് അവർണസമുദായക്കാർ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ ഇരുണ്ട കാലത്തിന്റെ ഓർമ്മകൾ പുതിയ തലമുറയ്ക്ക് പങ്കുവച്ചുകൊണ്ടുള്ള വീഡിയോയും സമ്മേളനത്തിന് മുൻപായി വേദിയിൽ പ്രദർശിപ്പിച്ചു.