ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം. പട്ടേല്‍ നഗറിനു സമീപത്തുള്ള ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്‍ക്കൂര തകരുകയായിരുന്നു. 25-ലധികം ആളുകള്‍ കിണറിനുള്ളില്‍ കുടുങ്ങി. ഇതില്‍ പതിനെട്ടു പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
രാമനവമിയെ തുടര്‍ന്ന് അനിയന്ത്രിതമായ തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളിലും കയറി. അതോടെ മോല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുണ്ട്. കിണറില്‍നിന്ന് പുറത്തെത്തിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് ചൗഹാനും നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.