ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പ്രിയങ്ക മുന്നറിയിപ്പു നല്‍കി. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി.
പ്രസംഗത്തില്‍ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര അനുസ്മരിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെയാണ് അവര്‍ രാജ്യദ്രോഹി എന്നു വിളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. രക്തസാക്ഷിയായ പിതാവിനെ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. അവരെയാരെയും മാനനഷ്ടക്കേസില്‍ ശിക്ഷിച്ചുകണ്ടില്ല. തനിക്കെതിരെയും കേസെടുക്കാന്‍ പ്രിയങ്ക വെല്ലുവിളിച്ചു. ആരാണ് അദാനിയെന്നും അദാനിയുടെ പേര് പറയുമ്പോള്‍ എന്തിനാണ് ഇത്ര വെപ്രാളമെന്നും പ്രിയങ്ക ചോദിച്ചു. അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി രൂപ നിക്ഷേപിച്ചത് ആരാണ്?. കൊള്ളയടിച്ചത് രാഹുല്‍ ഗാന്ധിയുടെ സ്വത്തല്ല, രാജ്യത്തിന്റെ സമ്പത്താണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്കുവേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കുവേണ്ടി പാര്‍ട്ടി ഒറ്റക്കെട്ടായി പോരാടുന്നു. കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിന് സൂറത്തിലാണ് കേസെടുത്തത്. ധൈര്യമുണ്ടെങ്കില്‍ കര്‍ണാടകയില്‍ കേസെടുക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരമാര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സൂറത്തിലെ ചീഫ് മജിസ്‌ട്രേട്ട് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ലോക്‌സഭാ സെക്രട്ടേറിയറ്റ് ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കി. അദാനിയെക്കിറിച്ച് മിണ്ടാതിരിക്കാനാണ് തന്നെ അയോഗ്യനാക്കിയതെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പ്രതികരിച്ചിരുന്നു.