ഇടുക്കി: കാഞ്ചിയാറിലെ പ്രീ പ്രൈമറി അധ്യാപിക അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് വിജേഷ് പിടിയിലായത്. കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിനു പിന്നാലെ ഭർത്താവ് വിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.
കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിജേഷിന്റെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച്ച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു.