CrimeNEWS

5000 രൂപ കൈക്കൂലി നല്‍കിയില്ല; 12 വയസുകാരന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി

ഇടുക്കി: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിനാല്‍ പന്ത്രണ്ട് വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് രാജേഷ് പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ ചികിത്സ തേടാതെ കുട്ടിയുമായി മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഞായറാഴ്ച 11.30 ഓടെയാണ് കുട്ടിയുമായി കടവൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. സൈക്കിളില്‍നിന്ന് വീണ് തോളെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്.

രണ്ടുമണിയോടെയാണ് എക്സ് റേ ലഭിച്ചത്. അതുമായി അത്യാഹിതവിഭാഗത്തിലുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുകൊടുത്തു. അപ്പോള്‍ അയ്യായിരം രൂപ വേണമെന്ന് കൈയാംഗ്യത്തിലൂടെ അദ്ദേഹം കാണിച്ചതായി രാജേഷ് പറഞ്ഞു. ഇത്രയും പൈസയുണ്ടെങ്കില്‍ ഇവിടെ വരേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കോട്ടയത്തിനോ കൊണ്ടുപൊയ്ക്കോളൂ ഇവിടെ വേറെ മരുന്നില്ല എന്ന് പറഞ്ഞു. കുട്ടിക്ക് പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും രാജേഷ് ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഞങ്ങളുടെ വിലാസം എഴുതി എടുക്കുന്നതിനിടെ കുട്ടിയുടെ അവസ്ഥ കണ്ട്, കുട്ടിയുടെ കൈ കെട്ടിവിടട്ടേ എന്നു ചോദിച്ചപ്പോള്‍ കെട്ടിവിടണ്ട പോട്ടെ എന്നു പറഞ്ഞെന്നും രാജേഷ് പറഞ്ഞു.

Signature-ad

തുടര്‍ന്ന് കുട്ടിയുമായി തിരുമ്മിക്കെട്ടുന്ന വൈദ്യരുടെ അടുത്തുപോയി. അവിടെ തിരുമ്മിക്കെട്ടിയിരിക്കുകയാണ്. തിങ്കളാഴ്ച കോട്ടയത്തോ മറ്റോ കൊണ്ടുപോകണമെന്ന് വിചാരിക്കുകയാണെന്നും രാജേഷ് പറഞ്ഞു. കയ്യില്‍ പണം ഇല്ലായിരുന്നു അതിനാലാണ് കൊടുക്കാതിരുന്നത്. ഉണ്ടെങ്കില്‍ കൊടുക്കുമായിരുന്നു. ആ ഒരു അവസ്ഥയില്‍ കൊടുത്തുപോകും. വേദനസംഹാരിയായി ഒരു കുത്തിവെപ്പോ ഗുളികയോ കൊടുക്കാന്‍ തയ്യാറാകാതിരുന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോപണ വിധേയനായ ഡോക്ടര്‍ക്കെതിരേ സമാനമായ പരാതി ആശുപത്രി വികസന സമിതിയില്‍ ഉള്‍പ്പെടെ വന്നിട്ടുണ്ടെന്നാണ് വിവരം. ആശുപത്രി സൂപ്രണ്ട് തന്നെ ഇദ്ദേഹത്തിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ഇദ്ദേഹം ഇപ്പോഴും ജോലിയില്‍ തുടരുന്നത് എങ്ങനെയെന്നാണ് ചോദ്യം ഉയരുന്നത്.

 

Back to top button
error: