CrimeNEWS

കൂടത്തായ് കൊലപാതകം: റോയ് വധക്കേസിൽ സാക്ഷി വിസ്താരം ഇന്ന് മുതൽ

കോഴിക്കോട്: പ്രമാദമായ കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വിൽസനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ഇന്ന് ഹാജരാവുക. 2011ൽ നടന്ന കൊലപാതകത്തിൽ റോയ് തോമസിൻറെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണ് അറസ്റ്റിലായിരുന്നത്.

2011ലാണ് കൂടത്തായി സ്വദേശി പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. ശരീരത്തിൽ സയനഡിൻറെ അംശം കണ്ടെത്തിയിരുന്നെങ്കിലും കോടഞ്ചേരി പൊലീസ് അന്ന് ആത്മഹത്യയായി എഴുതിതത്തള്ളുകയായിരുന്നു. എട്ടു വർഷത്തിന് ശേഷം വടകര റൂറൽ എസ് പി കെ ജി സൈമണ് കിട്ടിയ പരാതി കേസ് മാറ്റി മറിച്ചു. റോയ് തോമസിൻറെ സഹോദരൻ റോജോ തോമസായിരുന്നു പരാതി നൽകിയത്. റോയിയുടെ മുൻഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ സ്പെഷ്യൽബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം എത്തി നിന്നത് പൊന്നാമറ്റം തറവാട്ടിലെ ദുരൂഹ മരണങ്ങളിലാണ്.

Signature-ad

ദുരൂഹതയുടെ ചുരുളഴിക്കാൻ റൂറൽ എസ് പി ചുമതലയേൽപ്പിച്ചത് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആർ ഹരിദാസിനെയായിരുന്നു. ഇതിനു പിന്നാലെയാണ് റോയ് തോമസ് അടക്കമുള്ള ആറു പേരുടേയും മരണം കൊലപാതകമാണെന്ന വിവരം പുറത്ത് വന്നത്. എല്ലാത്തിനും പിന്നിൽ ജോളിയാണെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പിന്നാലെ ജോളിയടക്കമുള്ള പ്രതികൾ അറസ്ററിലാവുകയും ചെയ്തു. റോയ് തോമസിൻറെ കൊലപാതകത്തിൽ 255 സാക്ഷികളാണ് പ്രോസിക്യൂഷൻറെ പട്ടികയിൽ ഉള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസീക്യൂട്ടർ എൻകെ ഉണ്ണികൃഷ്ണനും,പ്രതികൾക്കായി ബി എ ആളുരും,ഷഹീർസിംഗും ഹാജരാകും.

Back to top button
error: